Fri. Apr 26th, 2024

തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ്, എതിര്‍ത്ത് നടി; ഇന്ന് നിര്‍ണായക ദിനം

By admin Feb 22, 2022 #dileep case
Keralanewz.com

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നും വാദം തുടരും.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നത് എന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദമായിരിക്കും ഇന്ന് കോടതി കേള്‍ക്കുക. ഉച്ചയ്‌ക്ക് 1. 45 നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വാദം കേള്‍ക്കുക.

അതേസമയം ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആക്രമണത്തിന് ഇരയായ നടിയെ കോടതി കക്ഷിചേര്‍ത്തു. കോടതി നടപടികള്‍ ചോദ്യം ചെയ്യാന്‍ ദിലീപിന് നിയമ അവകാശമില്ലെന്നാണ് നടി പറഞ്ഞത്. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ചു പ്രതിയെ കേള്‍ക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ച്‌ നടി അറിയിച്ചു.

ബാലചന്ദ്ര കുമാറിന്റെ മൊഴി മാത്രമാണ് കേസിലുള്ളത് എന്നും കെട്ടിച്ചമച്ച കഥയാണിതെന്നുമാണ് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതു പുനരന്വേഷണമാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെളിപ്പെടുത്തലുകളെന്നും മറ്റാരും ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം ദിലീപിന്റെ അഭിഭാഷകന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയ സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രതിഷേധിക്കും. ഉച്ചയ്‌ക്ക് 1.10 ന് ഹൈക്കോടതിക്ക് മുന്നിലാണ് പ്രതിഷേധം.

Facebook Comments Box

By admin

Related Post