Thu. Mar 28th, 2024

‘മുഖം കാണിക്കാന്‍’ സമയമായി , സാനിറ്റൈസര്‍ ഒഴിവാക്കാം, ടി.പി.ആര്‍. കുറഞ്ഞാല്‍ മാസ്‌കും മാറ്റാം

By admin Feb 23, 2022 #covid 19 #mask
Keralanewz.com

ടി.പി.ആര്‍. ഒന്നില്‍ താഴെയെത്തിയാല്‍ മാസ്‌ക്‌ ഉപയോഗം പരിമിതപ്പെടാത്താമെന്നും നിരീക്ഷണം. എന്നാല്‍, തല്‍ക്കാലം മാസ്‌ക്‌ ഉപയോഗം തുടരണം.
കോവിഡ്‌ 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നു കണ്ടെത്തിയതോടെയാണ്‌ സാനിറ്റൈസറുകളുടെ ഉപയോഗത്തിന്റെ പ്രസക്‌തി കുറഞ്ഞത്‌. അതേസമയം സാനിറ്റൈസര്‍ ഉപയോഗം വ്യാപകമാണ്‌. പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കോവിഡ്‌വൈറസുകളെ നശിപ്പിക്കാനാണ്‌ സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍, കൊറോണവൈറസുകള്‍ വായുവിലൂടെയാണ്‌ മറ്റൊരാളിലേക്ക്‌ രോഗം പകര്‍ത്തുന്നതെന്നുവൈദ്യശാസ്‌ത്രം കണ്ടെത്തിക്കഴിഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈറസിന്റെ തീവ്രമായ പുതിയ വകദേഭങ്ങള്‍ക്ക്‌ സാധ്യത കുറഞ്ഞിട്ടുണ്ടെന്ന്‌ കോവിഡ്‌ രോഗ വിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടി.വൈറസിന്‌ ഗുണം ചെയ്യത്തക്ക രീതിയിലുള്ള പരിണാമങ്ങള്‍ ഉണ്ടായിട്ടുള്ളതായി സമീപകാലങ്ങളില്‍ റിപ്പോര്‍ട്ടുകളില്ല.
ഒമിക്രോണിന്റെ ബി.എ. 1, ബി.എ. 2 എന്നീ വകഭേദങ്ങളാണ്‌ കേരളത്തില്‍ ഒടുവില്‍ രോഗം പടര്‍ത്തിയത്‌. അതില്‍ ബി.എ.2 വാണ്‌ കൂടുതലായി രോഗംപകര്‍ത്തിയതെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടി. ടി.പി.ആര്‍. ഒന്നില്‍ കുറഞ്ഞാല്‍ സംസ്‌ഥാനത്ത്‌ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക്‌ ധരിക്കുന്ന വിധത്തിലാക്കുന്ന കാര്യം സര്‍ക്കാരിന്‌ പരിഗണിക്കാവുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. ആറുമാസത്തേക്ക്‌ നിരീക്ഷിക്കണം. അതിനിടെ മറ്റു വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു കൂടി നോക്കണമെന്നൂം അദ്ദേഹം പറഞ്ഞു.
മാസ്‌ക്‌ മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന്‌ കോവിഡ്‌ പകര്‍ച്ചവ്യാധി നേരിടുന്ന ഐ.എം.എ. ദേശീയ ടാസ്‌ക്‌ ഫോഴ്‌സ്‌ കോ ചെയര്‍മാന്‍ ഡോ. രാജീവ്‌ ജയദേവന്‍ പറഞ്ഞു. മാസ്‌ക്‌ ധരിക്കുന്നത്‌ ശീലമായതുകൊണ്ട്‌ തിടുക്കത്തില്‍ മാറ്റേണ്ടതില്ല. വിദേശത്ത്‌ പ്രത്യേകിച്ച്‌ അമേരിക്കയില്‍ മാസ്‌ക്‌ ഉപയോഗം കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്‌. പൊതുവേ അവര്‍ക്ക്‌ മാസ്‌ക്‌ ധരിക്കുന്നത്‌ അപ്രിയമായതാണ്‌ മുഖ്യകാരണം. കോവിഡിന്റെ വകഭേദങ്ങള്‍ കുറേക്കാലം കൂടി തുടരും. അതുകൊണ്ട്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്‌ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post