Kerala News

മകളുടെ ഫോണ്‍നമ്ബര്‍ ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല, പ്രകോപിതനായ യുവാവ് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ വീട് അടിച്ചുതകര്‍ത്തു

Keralanewz.com

കൊട്ടാരക്കര: എഴുകോണ്‍ ഇടയ്ക്കിടം കിണറുമുക്കില്‍ വൈഷ്ണവത്തില്‍ പ്രതാപ് കുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം കാട്ടിയ യുവാവിനെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു സദനത്തില്‍ ജിഷ്ണു (27) വാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വെളുപ്പിന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതാപന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ജിഷ്ണു വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങള്‍ അടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് പ്രതാപനും ഭാര്യ ശ്രീകുമാരിയും പുറത്തിറങ്ങി വന്നത്.
ഉടന്‍ അസഭ്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രതി വീട്ടുമുറ്റത്ത് കിടന്ന ഇരുമ്ബുകമ്ബിയുമായി ശ്രീകുമാരിയേയും പ്രതാപനേയും ആക്രമിച്ചു. അതിനുശേഷം ജിഷ്ണു വീടിന്റെ ജനല്‍ പാളികള്‍ അടിച്ചുതകര്‍ത്തു. പിന്നീട് മുറ്റത്ത് കിടന്ന ആള്‍ട്ടോ കാര്‍, സ്വിഫ്റ്റ് കാര്‍, ആക്ടീവ സ്കൂട്ടര്‍, പിക്കപ്പ് വാന്‍, ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിള്‍, എന്നിവയും കമ്ബിവടി ഉപയോഗിച്ച്‌ അടിച്ചു തകര്‍ക്കുകയും ചെയ്തു.

ഈ ദമ്ബതികളുടെ മകളുടെ ഫോണ്‍ നമ്ബര്‍ ജിഷ്ണുവിനു കൊടുക്കാത്തതിലുള്ള വിരോധത്താലാണത്രേ ഇയാള്‍ അതിക്രമം നടത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ പ്രതാപനും ശ്രീകുമാരിക്കും പരിക്ക് പറ്റുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചതില്‍ മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു.
ശ്രീകുമാരിയുടെ പരാതിയില്‍ കേസെടുത്ത എഴുകോണ്‍ പോലീസ് പ്രതി ജിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box