Wed. May 1st, 2024

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

By admin Feb 24, 2022 #news
Keralanewz.com

കൊച്ചി: വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റുകളിൽ അഡ്മിന് ഒരുനിയന്ത്രണവുമില്ല. ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാൽ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം അഡ്മിന് ഉണ്ടാകില്ലെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവിൽ പറയുന്നത്.

ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിന്റെപേരിൽ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘ഫ്രൺഡ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു ഹർജിക്കാരൻ. രണ്ടുപേരെ ഗ്രൂപ്പ് അഡ്മിനായും ചേർത്തിരുന്നു. ഇതിലൊരാൾ ഗ്രൂപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ ഷെയർ ചെയ്തു. എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാംപ്രതിയാക്കി ഐ.ടി. നിയമപ്രകാരവും പോക്‌സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിന് രൂപംനൽകിയ ആളെന്ന നിലയിൽ ഹർജിക്കാരനെ കേസിൽ രണ്ടാംപ്രതിയായി ചേർത്ത് കോടതിയിൽ അന്തിമ റിപ്പോർട്ടും ഫയൽ ചെയ്തു. ഇതിനെത്തുടർന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന സന്ദേശങ്ങളുടെ കാര്യത്തിൽ അഡ്മിൻ ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ, ഡൽഹി ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ടെന്നത് കോടതി ചൂണ്ടിക്കാട്ടി.

അശ്ലീല വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് കൃത്യമായ ആരോപണമൊന്നും ഇല്ലെന്ന് വിലയിരുത്തിയാണ് ഹർജിക്കാരനെതിരായ കുറ്റം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

അശ്ലീല പോസ്റ്റിന്റെ പേരിൽ അഡ്മിനെതിരേ രജിസ്റ്റർചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

Facebook Comments Box

By admin

Related Post