Fri. May 17th, 2024

ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല, പ്രചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും:അന്തിമ തീരുമാനം 24 മണിക്കൂറിനുള്ളില്‍

By admin Apr 30, 2024
Keralanewz.com

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചന.

ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോവുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി മത്സര രംഗത്തേക്കില്ലെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും പ്രിയങ്കയുടെ തീരുമാനം. ഇതുസംബന്ധിച്ച ഹൈക്കമാൻഡിൻറെ അന്തിമ തീരുമാനം 24 മണിക്കൂറിനുള്ളിലുണ്ടാകും.

റായ്ബറേലിയില്‍ നിന്നും പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. അമേഠിയിലും റായ്ബറേലിയിലും മേയ് 20നാണ് തിരഞ്ഞെടുപ്പ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു.

കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠി,റായ്ബറേലി സീറ്റുകളിലെ ചർച്ച കോണ്‍ഗ്രസില്‍ സജീവമാണ്. റായ്ബറേലിയിലെ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ചു ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി.

Facebook Comments Box

By admin

Related Post