Kerala News

തുരുത്തിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച്‌ മരിച്ചത് കുറിച്ചി മന്ദിരം കവലയില്‍ കട നടത്തുന്ന സജിവോത്തപുരം സ്വദേശികളായ സൈജു- വിബി ദമ്ബതിമാര്‍; മരണത്തില്‍ ഞെട്ടിത്തെറിച്ച്‌ ജന്മനാട്

Keralanewz.com

ചിങ്ങവനം: എം.സി റോഡില്‍ തുരുത്തി പുന്നമൂട് ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ കാറിടിടച്ച്‌ മരിച്ചത് ദമ്ബതിമാര്‍.

കുറിച്ചി മന്ദിരം കവലയില്‍ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് കട നടത്തിയിരുന്ന കുറിച്ചി പുത്തന്‍പാലം സജിവോത്തപുരം വഞ്ഞിപ്പുഴയില്‍ സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ടു പേരുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വള്ളംകുളത്ത് ബന്ധുവിന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.50ന് എം.സി റോഡില്‍ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തില്‍ എത്തിയ കാര്‍, കോട്ടയം ഭാഗത്തു നിന്നും എത്തിയ സൈജുവിന്‍്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാര്‍ സമീപത്തെ ചായക്കടയില്‍ ഇടിച്ചാണ് നിന്നത്. സൈജുവിനെയും വിബിയെയും സ്‌കൂട്ടറുമായി ചേര്‍ത്ത് കാര്‍ മീറ്ററുകളോളം വലിച്ചു നീക്കി കൊണ്ടു പോയി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈജുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഇതുവഴി എത്തിയ വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ വിബി തുടര്‍ന്നും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ നിന്നും മോര്‍ച്ചറിയിലേയ്ക്കു മാറ്റി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങനാശേരി, ചിങ്ങവനം പൊലീസ് എല്ലാകാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി.

Facebook Comments Box