Kerala News

ആളുമാറി ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ധനം; അബദ്ധം പറ്റിയെന്ന് മനസിലായപ്പോള്‍ ഉഴിച്ചിലിനായി പൊലീസ് വക 500 രൂപ

Keralanewz.com

തിരുവനന്തപുരം: മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച്‌ ഓട്ടോഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദ്ധിച്ചെന്ന് പരാതി. മണക്കാട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ അമ്ബലത്തറ സ്വദേശി ആ‌ര്‍ കുമാറിനാണ് മര്‍ദ്ധനമേറ്റത്.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം നടക്കുന്നത്. കുമാറിന്റെ ഓട്ടോയുടെ അതേ പേരിലുള്ള ഓട്ടോ മോഷണം പോയിരുന്നു. പട്രോളിംഗിനിടെ കുമാറിന്റെ ഓട്ടോ കണ്ട് മോഷണം പോയ ഓട്ടോയാണെന്ന് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നു. ഓട്ടോ സ്റ്റാന്‍ഡിലെത്തിയ പൊലീസ് ഇതാരുടെ വണ്ടിയാണെന്ന് കുമാറിനോട് ചോദിച്ചു. തന്റേതാണെന്ന് മറുപടി നല്‍കിയപ്പോള്‍ പൊലീസ് ജീപ്പില്‍ നിന്നിറങ്ങി മര്‍ദ്ധിക്കുകയായിരുന്നെന്ന് കുമാര്‍ പറയുന്നു. ജീപ്പിനകത്ത് വച്ചും ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ധിച്ചു.

കുമാറല്ല പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെ ആളുമാറിയെന്ന് സമ്മതിച്ച പൊലീസ് ഉഴിച്ചില്‍ ചെയ്യുന്നതിനായി 500 രൂപ നല്‍കി കുമാറിനെ മടക്കിയയക്കുകയായിരുന്നു. വീട്ടിലെത്തിയ കുമാര്‍ തളര്‍ന്നു വീണതോടെ ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നട്ടെല്ലിന് പരിക്കേറ്റതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് കുമാറിന്റെ ഭാര്യ ശ്യാമ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും സിറ്റി പൊലീസ് കമ്മീഷനും പരാതി നല്‍കി.

Facebook Comments Box