ദന്പതികൾ ഇറങ്ങി മിനിറ്റുകൾക്കകം കാറിനു മുകളിൽ തെങ്ങ് വീണു
വൈക്കം: കാറിൽനിന്ന് ദന്പതികൾ ഇറങ്ങിപ്പോയി മിനിറ്റുകൾക്കകം കാറിനു മുകളിൽ തെങ്ങ് വീണു. മരങ്ങാട്ടുപിള്ളി സ്വദേശി പ്രദീപ് നന്പൂതിരിയും ഭാര്യ ദീപ്തിയുമാണ് മിനിട്ടുകളുടെ വ്യത്യാസത്തിൽ വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഇന്നലെ വൈകുന്നേരം 5.30നു വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപത്തെ എൻഎസ്എസ് യൂണിയൻ ഓഫീസിനോടു ചേർന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറിനു മീതെയാണ് തെങ്ങു വീണത്. അപകടത്തിൽ ഡ്രൈവർ സീറ്റ് ഉൾപ്പെടെ കാറിന്റെ മുകൾഭാഗം പൂർണമായി തകർന്നു.
ഗ്രൗണ്ടിന് സൈഡിൽനിന്നിരുന്ന തെങ്ങ് ചുവടെ ഇളകി കാറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ സീറ്റ് ഉൾപ്പെടെ കാറിന്റെ മുൻവശവും മുകൾഭാഗവും പൂർണമായി തകർന്നു. ദീപ്തിയുടെ അച്ഛൻ പുതുശേരി ഇല്ലം സുദർശനന്റെ കാറും തകർന്ന കാറിന്റെ സമീപത്തായിരുന്നു പാർക്ക് ചെയ്തിരുന്നത്. ഇതിന് തകരാറൊന്നും സംഭവിച്ചില്ല
ഉല്ലല പള്ളിയാട് സ്കൂളിൽ അധ്യാപികയായി നിയമനം ലഭിച്ച ദീപ്തിയെ സ്കൂളിൽനിന്നും തിരിച്ചുകൊണ്ടുപോകാനെത്തിയതാണ് പ്രദീപ്. കാർ തകർന്നെങ്കിലും ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് പ്രദീപ് നന്പൂതിരിയും കുടുംബവും. വൈക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തി കാറിന്റെ മുകളിൽനിന്നും തെങ്ങ് മുറിച്ചുമാറ്റി