മന്ത്രി റോഷി അഗസ്റ്റ്യന്റെ ഓർമപുസ്തകത്തിൽ പഴയ ഒന്നാം ക്ലാസുകാരന്റെ മധുരിക്കുന്ന ഓർമകൾ
കുറവിലങ്ങാട്: അപ്പച്ചന്റെ കൈപിടിച്ചു ചക്കാന്പുഴ ഗവ. യുപി സ്കൂളിലേക്കു പോയ ദിവസം. ഇന്നത്തെപ്പോലെ സ്കൂൾ ബസുകളും യൂണിഫോമും ഒന്നും ഇല്ല. വീടിന് ഒരു കിലോമീറ്ററോളം അകലെയാണ് സ്കൂൾ. ആശാൻ കളരിയിൽ ഒപ്പമുണ്ടായിരുന്ന സിബി, സജി, വിൻസെന്റ്, രാജൻ, ലാലു എന്നിവരൊക്കെ സ്കൂളിലും കൂടെ ഉണ്ടായിരുന്നു. വീണ്ടുമൊരു അധ്യയന വർഷം പിറന്നുവീണപ്പോൾ മന്ത്രി റോഷി അഗസ്റ്റ്യന്റെ ഓർമപുസ്തകത്തിൽ പഴയ ഒന്നാം ക്ലാസുകാരന്റെ മധുരിക്കുന്ന നിമിഷങ്ങൾ മിന്നിമറയുന്നു
അധ്യയന വർഷാരംഭത്തിൽ കുരുന്നുകൾക്ക് ഫേസ്ബുക്കിലൂടെ ആശംസകൾ പങ്കുവയ്ക്കുന്നതിനൊപ്പമാണ് തന്റെ ആദ്യ സ്കൂൾ യാത്രയും പഠനത്തിന്റെ ആരംഭവുമൊക്കെ മന്ത്രി പങ്കുവച്ചത്.
പാണ്ടിയാലയ്ക്കൽ ആശാന്റെ അടുത്തുനിന്ന് അക്ഷരമൊക്കെ അഭ്യസിച്ചിട്ടായിരുന്നു ഒന്നാം ക്ലാസിൽ ചേർന്നതെന്നും അന്ന് നാരായം കൊണ്ട് ഓലയിലാണ് അക്ഷരം എഴുതുന്നതെന്നും മന്ത്രി ഓർമിക്കുന്നു. അന്നത്തെ ഓലക്കെട്ട് ഏറെക്കാലം തന്റെ സ്വകാര്യ ശേഖരത്തിൽ ഉണ്ടായിരുന്നതായും കുറിപ്പിലുണ്ട്
കുറിപ്പ് തുടരുന്നത് ഇങ്ങനെ: ഒന്നാം ക്ലാസിൽ ആദ്യത്തെ ഒരു ദിവസം മാത്രമാണ് അപ്പച്ചൻ ഒപ്പമുണ്ടായിരുന്നത്. പിന്നീടുള്ള യാത്ര ഞങ്ങൾ കുട്ടികൾക്ക് ആഘോഷമായിരുന്നു. അന്നൊക്കെ ഉച്ചവരെയായിരുന്നു ഒന്നാം ക്ലാസ് ഉണ്ടായിരുന്നത്. കുഞ്ഞമ്മ ടീച്ചറായിരുന്നു ക്ലാസ് ടീച്ചർ എന്നാണ് ഓർമ. ജാനകി ടീച്ചറിനെയും ഓർമയുണ്ട്. സ്കൂളിലേക്കു പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചാണ്.
മഴക്കാലത്തു നനഞ്ഞു കുതിർന്നാണ് സ്കൂളിൽനിന്നു വീട്ടിലേക്ക് എത്തുന്നത്. പക്ഷേ, നനഞ്ഞതിന്റെ പേരിൽ ചെറിയൊരു പനി പോലും വന്നിട്ടില്ല
രാവിലെയും ഉച്ചയ്ക്കുമുള്ള നടത്തം ശാരീരികമായി കരുത്ത് നേടുന്നതിനു സഹായകമായി കാണും. പിന്നീട് വോളിബോൾ കളിക്കാരനായി ശോഭിക്കാൻ കഴിഞ്ഞതിന് അത് ഒരു കാരണമായി എന്നു തന്നെ വിശ്വസിക്കുന്നു. കെഎസ്സി -എം പ്രസിഡന്റ് ആയിരുന്നപ്പോൾ കാസർകോഡ്നിന്നു തിരുവനന്തപുരം വരെ പദയാത്ര നടത്തിയപ്പോഴും ഇത് സഹായകമായി. മെച്ചപ്പെട്ട കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന കുറിപ്പ് കുരുന്നുകൾക്ക് എല്ലാവിധ ആശംസകളും നേർന്നാണ് അവസാനിപ്പിച്ചിരിക്കുന്നത്