Mon. May 6th, 2024

പൂട്ടിയ മദ്യ വില്‍പനശാലകള്‍ തുറക്കാന്‍ കണ്‍സ്യൂമര്‍ഫെഡും

By admin Jun 6, 2022 #news
Keralanewz.com

തിരുവനന്തപുരം: മുന്‍പു പൂട്ടിയ മദ്യ വില്‍‌പനശാലകള്‍ തുറക്കാന്‍ ബവ്റിജസ് കോര്‍പറേഷന്‍ തീരുമാനിച്ചതിനു പിന്നാലെ തങ്ങള്‍ പൂട്ടിയ 10 മദ്യ വില്‍പനശാലകള്‍ തുറക്കാന്‍ കണ്‍സ്യൂമര്‍ഫെഡും.

കടയ്ക്കുള്ളില്‍ കയറി ആവശ്യമുള്ള മദ്യം തിരഞ്ഞെടുക്കാന്‍ സൗകര്യമുള്ള പ്രീമിയം ഷോപ്പുകളായാണ് ഇവ തുറക്കുക.

കേശവദാസപുരം, കുളത്തൂപ്പുഴ, കോട്ടയം, പീരുമേട്, മൂവാറ്റുപുഴ, പാലക്കാട്, കൊഴിഞ്ഞാമ്ബാറ, ബാലുശേരി, മേപ്പാടി, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഷോപ്പുകള്‍ തുറക്കുന്നത്. ഇതിനായി കണ്‍സ്യൂമര്‍ഫെഡ് എംഡിക്കും എക്സൈസ് കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കി നികുതി വകുപ്പ് ഉത്തരവിറക്കി.

മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കുമെന്നും പൂട്ടിപ്പോയവ തുറക്കുമെന്നുമുള്ള പുതിയ മദ്യനയത്തിലെ നിലപാട് കണക്കിലെടുത്താണ് 10 ഷോപ്പുകള്‍ തുറക്കുന്നതെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു. ബവ്റിജസ് കോര്‍പറേഷന്റെ 68 മദ്യവില്‍പനശാലകളാണു മുന്‍പു പൂട്ടിയത്.

ഇവ തുറക്കാന്‍ തീരുമാനിച്ച്‌ രണ്ടാഴ്ച മുന്‍പ് ഉത്തരവിറക്കിയിരുന്നു. തിരക്കു കുറയ്ക്കാന്‍ 175 പുതിയ മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്ന ബവ്കോ എംഡിയുടെ ശുപാര്‍ശയും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ശുപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകള്‍ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവില്‍പന ശാലകളാകും. നിലവില്‍ ബവ്കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനുമായി 306 മദ്യശാലകളാണുള്ളത്. കണ്‍സ്യൂമര്‍ഫെഡിന് 3 ബീയര്‍ വില്‍പന കേന്ദ്രങ്ങളുമുണ്ട്

Facebook Comments Box

By admin

Related Post