Kerala News

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാര്‍ത്ഥിയ്ക്കായി കോണ്‍ഗ്രസ്

Keralanewz.com

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തു നിന്ന് ഒരു പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ശ്രമവുമായി കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനും ധാരണയിലെത്താനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഐഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച്  ചര്‍ച്ച നടത്തിയേക്കും.

പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആരെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് സമവായമുണ്ടാക്കാനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സോണിയാഗാന്ധി നിര്‍ദ്ദേശിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. 

എന്‍ഡിഎ ഇതര കക്ഷികളുടെ മനസ്സ് കണ്ടെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പറഞ്ഞു. അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥാനാര്‍ത്ഥികളുടെ സാധ്യതയുള്ള പേരുകള്‍ കണ്ടെത്തുകയും ചെയ്യും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും . ഫലം ജൂലൈ 21 ന് പ്രഖ്യാപിക്കും. നിലവിലുള്ള രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 നാണ് അവസാനിക്കുക.  തെരഞ്ഞെടുപ്പില്‍ ആകെ 4,809 വോട്ടുകളാണുള്ളത് . ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ കഴിയില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ പറഞ്ഞു

Facebook Comments Box