Kerala News

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതികളെ നാളെ ഹാജരാക്കണം

Keralanewz.com

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിമാന്‍ഡിലുള്ള രണ്ടു പ്രതികളെ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവ്.

തിരുവനന്തപുരം ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെയാണ് തിങ്കളാഴ്ച ഹാജരാക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബാലകൃഷ്ണന്‍ ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.

കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും ചൂണ്ടിക്കാട്ടിയുള്ള അപേക്ഷയാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. പ്രതികള്‍ ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം പൊലീസ് ദ്രുതഗതിയിലാക്കിയത്.

കോടതി കേസ് പരിഗണിച്ചപ്പോള്‍, വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ വധശ്രമക്കുറ്റം ഉള്‍പ്പെടെ ചുമത്തി സര്‍ക്കാര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടതെന്നും അതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍, കേസ് പരിഗണിക്കുമ്ബോള്‍ വിവാദമല്ല നിയമമാണ് കോടതി പരിഗണിക്കുന്നതെന്ന് ജില്ല ജഡ്ജി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പ്രതികളെ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അതിനിടെ കേസില്‍ വിമാനയാത്രക്കാരുടെ മൊഴിയെടുപ്പ് നടപടി അന്തിമഘട്ടത്തിലാണ്. പരാതിക്കാരനായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറുമായുള്ള തെളിവെടുപ്പും പൂര്‍ത്തീകരിച്ചു. വിമാന-വിമാനത്താവള ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗം ജീവനക്കാരുടെ മൊഴിയെടുപ്പും നടക്കുന്നുണ്ട്. വിമാനക്കമ്ബനിയായ ഇന്‍ഡിഗോ പ്രഖ്യാപിച്ച അന്വേഷണവും പുരോഗമിക്കുകയാണ്

Facebook Comments Box