തൃശൂര്‍/പാലക്കാട്: പേവിഷബാധയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു പേര് മരിച്ചു.പാലക്കാട്ട് കോളജ് വിദ്യാര്‍ഥിനിയും തൃശൂര്‍ പെരിഞ്ഞനത്ത് ഗൃഹനാഥനുമാണു മരിച്ചത്.
പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്-സിന്ധു ദന്പതികളുടെ മകളായ ശ്രീലക്ഷ്മി(19)യെ മേയ് 30നു രാവിലെ കോളജിലേക്കു പോകുന്നതിനിടെയാണ്, അയല്‍വീട്ടിലെ നായ കടിച്ചത്. കൈയില്‍ ആഴത്തിലുള്ള മുറിവേറ്റു.
തുടര്‍ന്ന് ജില്ലാ ആശുപത്രി, ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍നിന്നു വാക്സിനുകളും എടുത്തു. പേവിഷബാധയുടെ യാതൊരു ലക്ഷണവും ഇല്ലാതിരുന്ന ശ്രീലക്ഷ്മി തുടര്‍ച്ചയായി കോളജില്‍ പോവുകയും ചെയ്തു.
27നാണു പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്ന് അവസാനത്തെ ഡോസ് കുത്തിവയ്പെടുത്തത്. 28നു സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു തിരിച്ചുവരുന്പോള്‍ ചെറിയതോതില്‍ പനിയും അസ്വസ്ഥതകളും തുടങ്ങി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു മരിച്ചത്.
കോയന്പത്തൂരിലെ സ്വകാര്യ കോളജില്‍ ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. സഹോദരങ്ങള്‍: സിദ്ധാര്‍ഥ്, സനത്ത്.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ പാന്പാടി ഐവര്‍മഠത്തില്‍ സംസ്കരിച്ചു.
അതേസമയം, നായ ഉടമയെയും കടിച്ചിരുന്നെങ്കിലും ഇയാ ള്‍ക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല.
തൃശൂര്‍ പെരിഞ്ഞനത്ത് കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണിക്കൃഷ്ണന് (60) ആണു മരിച്ചത്. മൂന്നുമാസം മുന്‍പാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. പിന്നീട് നായ ചത്തു.
ഏതാനും ദിവസം മുന്‍പ് അസ്വസ്ഥത തോന്നിയ ഉണ്ണിക്കൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ചയോടെ ഇദ്ദേഹം മരിച്ചതായി വാര്‍ത്ത പരന്നിരുന്നെങ്കിലും സംസ്കാര ചടങ്ങുകള്‍ക്കായി ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ വിവരം തെറ്റാണെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. പിന്നീട് ഇന്നലെ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ഭാര്യ: ദീപ. മകള്‍: ആരതി കൃഷ്ണ. മരുമകന്: വൈഷ്ണവ്