Kerala News

കോട്ടയം മേലുകാവ് സ്വദേശിനിയായ അധ്യാപിക ട്രെയിനില്‍നിന്ന് വീണു മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

Keralanewz.com

കോട്ടയം: മേലുകാവ് സ്വദേശിനിയായ അധ്യാപിക ട്രെയിനില്‍നിന്ന് വീണു മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. മേലുകാവ് സ്വദേശിയായ ജെയിംസിന്റെ ഭാര്യ ജിന്‍സിയാണ് തിരുവല്ല സ്റ്റേഷന് സമീപത്തുവെച്ച്‌ ട്രെയിനില്‍നിന്ന് വീണ് മരിച്ചത്.

വര്‍ക്കല വെട്ടൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ജിന്‍സി സ്ഥിരമായി ട്രെയിനിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തേക്ക് മടങ്ങവേ തിരുവല്ലയില്‍ വെച്ച്‌ ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിന്‍സി ചികിത്സയിലിരിക്കെ മരിച്ചു. ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും നീങ്ങിയതിന് ശേഷം ജിന്‍സി പുറത്തേക്ക് വീഴുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

കോട്ടയത്ത് ഇറങ്ങേണ്ട ജിന്‍സി തിരുവല്ലയില്‍ ഇറങ്ങേണ്ട ആവശ്യമില്ലെന്നും അതുകൊണ്ട് തന്നെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നുമാണ് ഭര്‍ത്താവ് ജെയിംസ് പറയുന്നത്. തിരുവല്ല സ്റ്റേഷനില്‍ നിന്നും കോട്ടയം പാസഞ്ചര്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഒരാള്‍ ലേഡീസ് കമ്ബാര്‍ട്ട്മെന്റില്‍ ഓടി കയറുന്നത് കണ്ടതായി ചിലര്‍ പറയുന്നുണ്ട്. ഈ സമയം ജിന്‍സി കമ്ബാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കുമായിരുന്നു. തൊട്ട് പിന്നിലെ കമ്ബാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്ന ഗാര്‍ഡ് പോലും സംഭവം അറിഞ്ഞില്ല. അപകടത്തിന് തൊട്ട് മുമ്ബ് ബന്ധുക്കളുമായി ജിന്‍സി സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്

Facebook Comments Box