Kerala News

കെഎസ്ആർടിസിയുടെ 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തനം 18 മുതൽ ആരംഭിക്കും

Keralanewz.com

കെഎസ്ആർടിസിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുന്നതിനായി 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തണം ജൂലൈ 18 മുതൽ തുടങ്ങും. ജൂൺ 1 മുതൽ തന്നെ വയനാട്, പാലക്കാട്, കാസർ​ഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു.

നേരത്തേ 98 ഡിപ്പോ/ വർക്ക് ഷോപ്പുകളിലായിരുന്നു ഓഫീസ് സംവിധാനം പ്രവർത്തിച്ചിരുന്നത്. സുശീൽ‌ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജില്ലാ ഓഫീസുകൾ തുടങ്ങാൻ തീരുമാനിച്ചത്

കെഎസ്ആർടിസിയുടെ ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് തന്നെ പ്രവർത്തിക്കുന്നതാണ്. എന്നാൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ജില്ലാ ആസ്ഥാനത്തുള്ള കെട്ടിടങ്ങളിൽ ജില്ലാ ഓഫീസ് പ്രവർത്തിക്കാനുള്ള സ്ഥലസൗകര്യം ഇല്ലാത്തതിനാൽ കൊട്ടാരക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, ആലുവ എന്നിവടങ്ങളിലാണ് താൽക്കാലിക ഓഫീസ് ആരംഭിക്കുന്നത്. ഇവിടങ്ങളിൽ ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ജില്ലാ കേന്ദ്രങ്ങളിലേക്ക് ഈ ഓഫീസുകൾ മാറ്റും.

ഇടുക്കി ജില്ലയുടെ ആസ്ഥാനമായ പൈനാവിൽ കെഎസ്ആർടിസി ഡിപ്പോ ഇല്ലാത്തതിനാൽ ഇടുക്കി ജില്ലാ ഓഫീസ് തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ കോംപ്ലക്സിൽ ആരംഭിക്കും

Facebook Comments Box