Fri. Apr 19th, 2024

സംസ്ഥാനത്തെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രി മഠങ്ങള്‍ തുടങ്ങി അംഗീകാരമുള്ള വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി; ജി. ആര്‍. അനില്‍

By admin Jul 12, 2022 #news
Keralanewz.com

     സംസ്ഥാനത്തെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രി മഠങ്ങള്‍ തുടങ്ങി അംഗീകാരമുള്ള വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിയമസഭയില്‍ അറിയിച്ചു. പി.  എസ്. സുപാല്‍ എം.എല്‍.എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം

 വെല്‍ഫയര്‍ സ്കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്നതുവരെ ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളില്‍‍ നിന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ നാള്‍ വരെ നല്‍കിയിരുന്ന തോതില്‍ ഈ മാസം മുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കുന്നതാണ്. ടൈ‍ഡ് ഓവര്‍ വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു വന്നിരുന്ന ഗോതമ്പ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ പകരമായി അരി നല്‍കുന്നതാണ്

 സംസ്ഥാനത്ത് സാമൂഹിക ക്ഷേമവകുപ്പിന് കീഴില്‍ പ്രവര്‍ത്തികുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുളള അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതലായ ക്ഷേമ സ്ഥാപനങ്ങള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കുമാണ് ഈ സ്കീം പ്രകാരം ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കിവരുന്നത്. ടി സ്ഥാപനങ്ങളിലെ ഓരോ അന്തേവാസിയ്ക്കും പ്രതിമാസം 10.5 കിലോ അരി 5.65 രൂപ നിരക്കിലും 4.5കിലോ ഗോതമ്പ് 4.15 രൂപ നിരക്കിലും നല്‍കി വരുന്നു.
സംസ്ഥാനത്ത് അംഗീകാരമുള്ള ക്ഷേമ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ദര്‍പ്പണ്‍ എന്ന സോഫ്റ്റ് വയര്‍ വഴി വെല്‍ഫെയര്‍ പെര്‍മ്മിറ്റ് അനുവദിച്ചിരുന്നത്. 2018 -2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അലോട്ട്മെന്റിന് ശേഷം നാളിതു വരെ ടി സ്കീമില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കേന്ദ്രം അനുവദിച്ചിട്ടില്ല. 

സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഈ വിഷയം നേരിട്ട് പല തവണ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുത്തിയിരുന്നു. ഏറ്റവും അവസാനമായി 2022 ഫെബ്രുവരി 26ന് ടി വിഷയം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുളളതുമാണ്. ഇതിനു മറുപടിയായി കേന്ദ്ര ഭക്ഷ്യ മന്ത്രിയുടെ 2022 മാര്‍ച്ച് 23 ലെ കത്ത്  സംസ്ഥാനത്തിന് ലഭിച്ചിരുന്നു. പല വിധമായ സാങ്കേതിക തടസങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പട്ടിണി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ടി കാലയളവില്‍ 2837.885 മെ.ടണ്‍ അരിയും 736.027 മെ.ടണ്‍ ഗോതമ്പും വിതരണം നടത്തിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തിന് 1.65 കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Facebook Comments Box

By admin

Related Post