Kerala News

മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ പ്രതി സുഭാഷ് താഴേക്ക് വീണു : വീണത് ഫയ‍ര്‍ഫോഴ്സിന്റെ വലയിലേക്ക്

Keralanewz.com

 



തിരുവനന്തപുരം : മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ പ്രതി സുഭാഷ് താഴേക്ക് വീണു. മരത്തിന് താഴെ ഫയ‍ര്‍ഫോഴ്സ് ഒരുക്കിയ  വലയിലേക്കാണ് പ്രതി വീണത്. ഇയാളെ ജയിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. 

കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയായ  സുഭാഷ് എന്ന തടവുകാരനാണ് മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ജയിൽ മോചനം വേണമെന്നും ജഡ്ജി സ്ഥലത്തെത്തണമെന്നുമാണ് മരത്തിന് മുകളിൽ നിന്നും ഇയാളാവശ്യപ്പെട്ടത്. മാധ്യമങ്ങളോട് സംസാരിക്കണമെന്നും കുടുംബത്തെ കാണണമെന്നുമുള്ള ആവശ്യവും  മരത്തിന് മുകളിൽനിന്നും ഇയാൾ മുന്നോട്ട് വെച്ചിരുന്നു.

രണ്ട് മണിക്കൂറോളം നീണ്ടു നിന്ന രക്ഷാ പ്രവ‍ര്‍ത്തനങ്ങൾക്ക് ഒടുവിലാണ് ഇയാളെ താഴെയിറക്കാനായത്.  മാനസികാസ്വാസ്ത്യമുള്ളയാളാണ് ഇയാളെന്നാണ് ജയിൽ വാര്‍ഡൻ പറയുന്നത്. കൊവിഡ് കാലത്ത് പുറത്തിറങ്ങിയ തടവ് പുള്ളികൾക്ക് ഒപ്പം ഇയാളുമുണ്ടായിരുന്നു. എന്നാൽ മടങ്ങി വരാനുള്ള സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുട‍ര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു വരികയായിരുന്നു. തുറന്ന ജയിലിലേക്കായിരുന്നു സുഭാഷിനെ കൊണ്ട് വന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച ഇയാളെ പിന്നീട് പൂജപ്പുരയിലേക്ക് മാറ്റി. ജയിലിലെ ഉദ്യോഗസ്ഥരുടെ ഒപ്പം ഓഫീസ് കാര്യങ്ങൾക്ക് വേണ്ടി പുറത്തു കൊണ്ടുവന്നപ്പോഴാണ്  ഓടി രക്ഷപ്പെട്ട് മരത്തിന് മുകളിൽ കയറിയത്. 

Facebook Comments Box