Kerala News

ആദ്യത്തെ കണ്‍മണി പിറക്കുന്നതിന് മിനുറ്റുകള്‍ക്ക് മുമ്പ് പിതാവ് അപകടത്തില്‍ മരിച്ചു

Keralanewz.com

തൃശൂർ: ആദ്യത്തെ കണ്‍മണി പിറക്കുന്നതിന് മിനുറ്റുകള്‍ക്ക് മുമ്പ് പിതാവ് അപകടത്തില്‍ മരിച്ചു. ഭർത്താവിന്റെ വിയോഗമറിയാതെ പേറ്റുനോവിലും ശരത്തിനെ അന്വേഷിച്ച് ഭാര്യ നമിത ആശുപത്രിയിലെ നൊമ്പരക്കാഴ്ചയായി. ഒടുവിൽ സിസേറിയനിലൂടെ ആൺകുഞ്ഞ് പിറന്നു.

പ്രസവ ശസ്ത്രക്രിയാ മുറിയിൽ നിന്ന് ഇന്നലെ വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിട്ടില്ല. കുഞ്ഞിനെ കാണാതെ പ്രിയതമൻ പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണു വീട്ടുകാർ.

വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30) ആണ് ഇന്നലെ പുലർച്ചെ ബൈക്കപകടത്തിൽ മരിച്ചത്.

തലേന്നു വൈകിട്ട് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി നമിതയെ വീട്ടുകാർ പ്രവേശിപ്പിച്ചു. ശരത്തിന്റെ അച്ഛനും അമ്മ ഷീലയും ആയിരുന്നു ഒപ്പം.

പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം.

നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു. മതിലിൽ ഇടിച്ചു വീണ വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുഹൃത്ത് ചൂൽപ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഉച്ചയോടെ കുഞ്ഞു പിറന്നു. രാവിലെ സംസ്കാരത്തിനു മുൻപു നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കേണ്ടതെങ്ങനെ എന്ന നോവിലാണു ബന്ധുക്കൾ

Facebook Comments Box