Thu. May 9th, 2024

പാമ്പാടിയിലെ കവർച്ച: വൈദികന്റെ മകൻ പിടിയിൽ : മോഷണം കടബാധ്യത തീർക്കാൻ

By admin Aug 12, 2022 #news
Keralanewz.com

പാമ്പാടി : പട്ടാപ്പകൽ വൈദികന്റെ വീട്ടിൽ കവർച്ചനടത്തിയ സംഭവത്തിൽ മകൻ പോലീസ് പിടിയിൽ. കൂരോപ്പട പുളിഞ്ചുവട് ഇലപ്പനാൽ ഷിനോ നൈനാൻ ജേക്കബിനെ (36)യാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പാമ്പാടി കൂരോപ്പട ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണാഭരണങ്ങളും നാല്പതിനായിരത്തോളം രൂപയുമാണ് വീട്ടിൽനിന്ന് മോഷണം പോയത്. വൈദികന്റെ മൂത്തമകനാണ് അറസ്റ്റിലായത്. സാമ്പത്തികബാധ്യതകൾ തീർക്കാനാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

വൻതോതിൽ ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാൽ വലിയ സാമ്പത്തികബാധ്യത ഉണ്ടായിരുന്നു. മോഷ്ടിച്ചെടുത്ത സ്വർണത്തിൽ 30 പവനോളം സ്വർണവും പണവും അയൽപക്കത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ചനിലയിൽ കണ്ടെത്തിയിരുന്നു. 21 പവനോളം സ്വർണാഭരണങ്ങൾ പുരയിടത്തിലും വഴിയിലുമായികിടന്ന് തിരികെ ലഭിച്ചിരുന്നു.

ചൊവ്വാഴ്ച വൈകീട്ടാണ് ഫാ. നൈനാന്റെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കപ്പെട്ടത്. വൈദികനും ഭാര്യയും വൈകീട്ട് പള്ളിയിലേയ്ക്കുപോയ സമയത്തായിരുന്നു കവർച്ച. വീടിനെക്കുറിച്ചും വൈദികൻ പോയിവരുന്ന സമയവും സംബന്ധിച്ച് വ്യക്തമായ വിവരമുള്ളവരാണ് കവർച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു.

കട്ടിലിലെ മെത്തക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാരതുറന്ന് മോഷണംനടത്തിയതും മോഷ്ടിച്ച സ്വർണത്തിൽ കുറേഭാഗം വഴിയിൽകിടന്ന് കിട്ടിയതും കവർച്ചക്കുപിന്നിൽ വീടുമായി വളരെ അടുപ്പമുള്ളവരാണെന്നും പരിചിതരായ മോഷ്ടാക്കളല്ലന്നുമുള്ള നിഗമനത്തിൽ അന്വേഷണസംഘം എത്തുന്നതിനു കാരണമായി. ശാസ്ത്രീയ അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ആറ് വിരലടയാളങ്ങൾ ലഭിച്ചെങ്കിലും പുറത്തുനിന്നുള്ള ആളുകളുെട വിരലടയാളങ്ങൾ ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കവർച്ചനടന്ന ദിവസം അപരിചിതരായ ആളുകളെ സമീപ പ്രദേശങ്ങളിലൊന്നും കണ്ടിരുന്നില്ലന്ന് നാട്ടുകാരും പോലീസിന് മൊഴിനൽകി. അടുക്കളഭാഗത്തുനിന്ന് മണംപിടിച്ച് ഓടിയ പോലീസ് നായ പോയവഴിയെ മകൻ അന്നേദിവസം സഞ്ചരിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു. ചില സാമ്പത്തിക ബാധ്യതകളുണ്ടെന്ന സൂചനകൂടി ലഭിച്ചതോടെ മകനെ നിരീക്ഷണത്തിലാക്കി. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കവർച്ചനടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്താനായത് പോലീസിന് നേട്ടമായി. പാമ്പാടി പോലീസ് ഇൻസ്പെക്ട‍ർ കെ.ആർ. പ്രശാന്ത് കുമാർ, പള്ളിക്കത്തോട് പോലീസ് ഇൻസ്പെക്ടർ എസ്. പ്രദീപ്, എസ്.ഐ.മാരായ കെ.എസ്. ലെബിമോൻ, കെ.ആർ ശ്രീരംഗൻ, ജോമോൻ എം.തോമസ്, എം.എ. ബിനോയി, ജി. രാജേഷ്, എ.എസ്.ഐ. പ്രദീപ്കുമാർ തുടങ്ങിയവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Facebook Comments Box

By admin

Related Post