Sat. May 4th, 2024

കേരളത്തിൽ 19 ദിവസം, 453 കി.മീ പദയാത്ര; രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര വൻ വിജയമാക്കാൻ കെപിസിസി ‘മാസ്റ്റർ പ്ലാൻ’

By admin Aug 13, 2022 #news
Keralanewz.com

തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വൻ വിജയമാക്കാൻ കെ പി സി സി തീരുമാനം. രാഹുലിന്‍റെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11നാണ് കേരളത്തില്‍ പ്രവേശിക്കുന്നത്. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 7 വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്. കേരള പര്യടനം നടത്തുന്ന ജോഡോ യാത്ര വന്‍ വിജയമാക്കാന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പിയുടെ നേതൃത്വത്തില്‍ കെ പി സി സി ആസ്ഥാനത്ത് ചേര്‍ന്ന സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. എഐസിസി ജനറല്‍ സെക്രട്ടി കെ സി വേണുഗോപാലാണ് സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്തത്. കോൺഗ്രസിന്റെ തിരിച്ച് വരവിനെ മോദിയും ബി ജെ പിയും ഭയക്കുന്നതിനാലാണ് ദേശീതലത്തിൽ വിലക്കയറ്റത്തിനെതിരെ എ ഐ സി സി നടത്തിയ പ്രക്ഷോഭത്തെ മോദി പരിഹസിച്ചതെന്നും ബിജെപി ഭരണത്തിന് അന്ത്യം കുറിയ്ക്കാൻ കോൺഗ്രസിന് ശക്തി പകരുന്നതിന് തുടക്കം കുറിക്കലാവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.സി.വേണുഗോപാൽ പറഞ്ഞു.

മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജോഡോ യാത്രയെ സംബന്ധിച്ച വിശദാംശങ്ങള്‍ കേരള കോഡിനേറ്ററും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി യോഗത്തില്‍ വിശദീകരിച്ചു

Facebook Comments Box

By admin

Related Post