International NewsKerala News

20 കോടി രൂപ ഇസ്രായേലിലെ മലയാളികളില്‍നിന്ന് തട്ടി എടുത്ത് യുവാവും യുവതിയും മുങ്ങി, ‘പെര്‍ഫെക്റ്റ് കുറീസ്’ എന്ന ചിട്ടിക്കമ്ബനിയുടെ പേരിലാണ് ചാലക്കുടി സ്വദേശി ലിജോ ജോര്‍ജും കണ്ണൂര്‍ സ്വദേശി ഷൈനി മോളും പണം തട്ടി എടുത്തത്

Keralanewz.com

മലയാളികളായ യുവതിയും യുവാവും ചിട്ടിയുടെ പേരില്‍ ഇസ്രായേലില്‍ നിന്നും കോടികള്‍ പിരിച്ചെടുത്ത് മുങ്ങി.

ചാലക്കുടി സ്വദേശി ലിജോ ജോര്‍ജും കണ്ണൂര്‍ സ്വദേശി ഷൈനി മോളും ഗൂഢാലോചന നടത്തി 350ഓളം പ്രവാസി മലയാളികളുടെ പണം തട്ടിയെടുക്കുകയായിരുന്നു. 20 കോടിയിലധികം ഇന്ത്യന്‍ രൂപയുടെ തട്ടിപ്പു നടന്നതായി നിക്ഷേപകര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ അധികൃതര്‍ക്കും കേരള ഡിജിപിക്കും കണ്ണൂര്‍ ജില്ലാ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.

ഏഴു വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്യുന്ന ലിജോ ജോര്‍ജും, ഷൈനിയും പെര്‍ഫെക്റ്റ് കുറീസ് എന്ന പേരില്‍ കമ്ബനി നടത്തിവരികയായിരുന്നു. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ പണം പിരിക്കുന്നത്. 5 മുതല്‍ 30 മാസം വരെയുള്ള കാലയളവിലായിരുന്നു ചിട്ടികള്‍. ഇസ്രായേലി കറന്‍സിയായ 5,000 ഷെക്കല്‍ 15 മാസത്തേക്ക് അടച്ചാല്‍ (ആകെ 75000) 100,000 ഷെക്കല്‍ തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ഇസ്രായേലി കറന്‍സിയായ 1 ഷെക്കല്‍ ഇന്ത്യന്‍ കറന്‍സിയുമായി ഇപ്പോള്‍ താരതമ്യം ചെയ്താല്‍
24.38 രൂപയാണ് മൂല്യം. അതായത് 1828500 രൂപ 15 മാസം കൊണ്ട് ചിട്ടി അടയ്‌ക്കുമ്ബോള്‍ തിരികെ ലഭിക്കുന്നത് 24,38,000 രൂപയാണ്. മാത്രമല്ല 15 മാസത്തെ സ്കീമില്‍ 14 മാസം പണമടച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ വാഗ്ദാനം ചെയ്ത ഒരു ലക്ഷം ഷെക്കലും ഒരുമിച്ച്‌ തിരികെ നല്‍കുമെന്നും ഇവര്‍ നിക്ഷേപകര്‍ക്കു ഉറപ്പു നല്‍കി.

10 മാസത്തെ ചിട്ടിയില്‍ 9 മാസത്തേക്ക് 4000 ഷെക്കല്‍ (90000 ഇന്ത്യന്‍ രൂപ) അടച്ച ഒരു നിക്ഷേപകന്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ല. മാത്രമല്ല, ചിട്ടി ഉടമകളുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ സമയം ചോദിച്ച്‌ കബളിപ്പിച്ചു എന്നും തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. പരാതിക്കാരന്‍ ഉള്‍പ്പെടുന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ 250 ഓളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഇതിനു പുറമെ നൂറോളം പേര്‍ പണം നല്‍കിയതായും പറയുന്നു.

75 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരും പരാതിക്കാരില്‍ ഉള്‍പ്പെടുന്നു. വര്‍ഷങ്ങളായി കഷ്ടപ്പെട്ട് സമ്ബാദിച്ച പണം തട്ടിപ്പ് സംഘം കൊള്ളയടിച്ചതായി ചൂണ്ടിക്കാട്ടി ജറുസലേം പോലീസ്, ഇന്ത്യന്‍ എംബസി, കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്. ചാലക്കുടി പരിയാരം സ്വദേശി ലിജോ ജോര്‍ജ്,, കണ്ണൂര്‍ പാണ്ടങ്കവല സ്വദേശി പാലമറ്റം വീട്ടില്‍ ഷൈനി ഷിനില്‍ എന്നിവരാണ് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയത്.

തട്ടിപ്പിനിരയായവരുടെ ബന്ധുക്കള്‍ കേരളത്തിലെ വീടുകളില്‍ എത്തിയപ്പോള്‍ സംഭവത്തെ കുറിച്ച്‌ ഒന്നും അറിയില്ല എന്നായിരുന്നു വീട്ടുകാരുടെ മറുപടി. എന്നാല്‍ ഷൈനിയുടെ ഭര്‍ത്താവ് യൂട്യൂബര്‍ ഷിനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഷൈനിയുടെ ഭര്‍ത്താവിനോട് വിവരം പറഞ്ഞപ്പോള്‍ തങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചല്ല താമസം എന്നായിരുന്നത്രേ മറുപടി.

പണം നല്‍കിയവര്‍ തട്ടിപ്പിനിരയായ വിവരം അറിയുന്നത് ലിജോ ജോര്‍ജും ഷൈനി മോളും ഇസ്രയേല്‍ വിട്ടതിന് ശേഷമാണ്. ഇരുവരും യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചതായി വിവരമുണ്ട്. പണം നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങാനാവാതെ ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുകയാണ്.

Facebook Comments Box