Sun. May 5th, 2024

കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പ്; മത്സരിക്കാന്‍ തരൂരും ഗെഹ്‌ലോതും

By admin Sep 20, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പി.യുമായ ശശി തരൂര്‍ രംഗത്ത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയും നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെഹ്‌ലോതായിരിക്കും എതിരാളിയെന്നാണ് സൂചന


തരൂരിന് മത്സരിക്കാന്‍ പാര്‍ട്ടിഅധ്യക്ഷ സോണിയാഗാന്ധി അനുമതി നല്‍കിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം തിങ്കളാഴ്ച സോണിയയെ അവരുടെ വസതിയില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തിയിരുന്നു. തരൂര്‍ പാര്‍ട്ടിയധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അപ്രതീക്ഷിതമായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അധ്യക്ഷ തിരഞ്ഞെടുപ്പ് തന്നെയാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നും തരൂരിനു മത്സരിക്കാന്‍ സോണിയ അനുമതി നല്‍കിയെന്നുമാണ് വിവരം


രാഹുല്‍ഗാന്ധി മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പൊതുസ്ഥാനാര്‍ഥിയായി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തരൂര്‍ താത്പര്യപ്പെട്ടിരുന്നത്. തിരുത്തല്‍വാദിസംഘമായ ജി23 ന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്. കോണ്‍ഗ്രസില്‍ അടിയന്തരമായി ‘സൃഷ്ടിപരമായ പരിഷ്‌കാരങ്ങള്‍’ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരുസംഘം യുവനേതാക്കള്‍ നേതൃത്വത്തിനു നല്‍കിയ പരാതിയെ തിങ്കളാഴ്ച തരൂര്‍ പിന്തുണച്ചു. പാര്‍ട്ടി അധ്യക്ഷതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെല്ലാം, കോണ്‍ഗ്രസില്‍ ഉദയ്!പുര്‍ പ്രഖ്യാപനം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുമെന്ന പ്രതിജ്ഞയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 650ലേറെപ്പേര്‍ ഒപ്പിട്ട കത്തിന്റെ പകര്‍പ്പ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചു


അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ അശോക് ഗഹ്ലോതിനോട് സോണിയാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഗഹ്‌ലോത് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല

Facebook Comments Box

By admin

Related Post