Thu. May 2nd, 2024

ഞങ്ങളുടെ അതിരൂപതയെ പൊലീസ് രാജ് ആക്കി മാറ്റി ഞങ്ങളെ അടിമകളാക്കാന്‍ ആര്‍ക്കെങ്കിലും മോഹമുണ്ടെങ്കില്‍ അതൊരിക്കലും നടക്കുകയില്ലെന്ന് വൈദികര്‍ക്കു വേണ്ടി ഫാ. സെബാസ്റ്റ്യന്‍ തളിയന്‍

Keralanewz.com

ഞങ്ങളുടെ അമ്മയായ അതിരൂപതയെ പൊലീസ് രാജ് ആക്കി മാറ്റിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ അധാര്‍മികമായ നടപടിയെ ഞങ്ങള്‍ വൈദികര്‍ ശക്തമായി അപലപിക്കുന്നു. ആടുകളുടെ മണമുള്ള ഇടയന്മാരായിരിക്കണം മെത്രാന്മാര്‍ എന്നു പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ കാറ്റില്‍ പറത്തി ആടുകളെ കാണുമ്പോള്‍ ഭയപ്പെട്ട് പൊലീസിനെ വിളിക്കുന്ന സഭാ നേതൃത്വത്തിന് ദൈവജനത്തെ കേള്‍ക്കാനോ ശ്രദ്ധിക്കാനോ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ സാധിക്കുകയില്ല.

സിനഡ് കുര്‍ബാന അര്‍പ്പണരീതി അടിച്ചേല്പിക്കുന്ന സര്‍ക്കുലര്‍ ഇറക്കുന്നതിനു മുമ്പ് ഇവിടത്തെ കാനോനിക സമിതികളോടു ആലോചിക്കുമെന്നും 200 ലധികം ഇടവകകളില്‍ നിന്നും നിവേദനം കൊടുത്ത അല്മായ പ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വത്തിക്കാനെ അറിയിച്ചതിനു ശേഷമേ സര്‍ക്കുലര്‍ ഇറക്കുകയുള്ളു എന്നും പറഞ്ഞ അഡ്മിനിസ്ട്രേറ്റര്‍ വാക്കു പാലിച്ചില്ല. അഡ്മിനിസ്ട്രേറ്റര്‍ ഈ കാര്യത്തിനു വേണ്ടി വിളിച്ചു കൂട്ടിയ പ്രഥമ വൈദിക സമതിയില്‍ പോലും തനിക്കു പറയാനുള്ളതു പറഞ്ഞ് ഇറങ്ങിപ്പോക്ക് നടത്തി, ഡയലോഗിനുള്ള മാര്‍ഗങ്ങള്‍ അടയ്ക്കുകയാണ് ചെയ്തത്. ഏതു പ്രശ്നവും തീര്‍ക്കണമെങ്കില്‍ ഒരു ഡയലോഗ് ആവശ്യമാണ്. അത് ഇന്ന് സീറോ മലബാര്‍ സഭയില്‍ അന്യമായിരിക്കുകയാണെന്ന പരിതാപകരമായ സ്ഥിതിയാണുള്ളത്.

ഞങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഇവയാണ്: 1. മെത്രാപ്പോലീത്തന്‍ വികാരിയായിരുന്ന ആര്‍ച്ചുബിഷപ് ആന്‍റണി കരിയില്‍ പിതാവിനോട് ചെയ്ത ക്രൂരത അവസാനിപ്പിച്ച്, അദ്ദേഹത്തിന് സ്വന്തം അതിരൂപതയില്‍ വന്ന് താമസിക്കാനുമുള്ള അനുവാദം കൊടുക്കുക. 2. സീറോ മലബാര്‍ സിനഡ് ഏകാധിപത്യ ശൈലിയില്‍ അടിച്ചേല്പിച്ച 50-50 കുര്‍ബാന അര്‍പ്പണ രീതി നിര്‍ബന്ധമാക്കുന്ന സര്‍ക്കുലര്‍ ഇറക്കാതെ, ജനാഭിമുഖ കുര്‍ബാന ഒരു ലിറ്റര്‍ജിക്കല്‍ വേരിയന്‍റായി അംഗീകരിക്കാനുള്ള നടപടികള്‍ ആരംഭിക്കുക. 3. ഭൂമിയിടപാടില്‍ വത്തിക്കാന്‍ നിശ്ചയിച്ച റെസ്റ്റിറ്റ്യൂഷന്‍ എത്രയും വേഗം നടപ്പാക്കുക. പക്ഷേ, ഇതിനോടൊന്നും ക്രിയാത്മകമായി പ്രതികരിക്കാതെയും ഇവ നടപ്പാക്കാതെയും ധാര്‍ഷ്ട്യം കൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും അടിച്ചൊതുക്കാമെന്നു കരുതുന്ന അഡ്മിനിസ്ട്രേറ്ററെയും അദ്ദേഹത്തിന്‍റെ അജ്ഞാനുവര്‍ത്തികളെയും ബഹിഷ്കരിക്കാന്‍ ഇന്നത്തെ വൈദിക സമ്മേളനം തീരുമാനിച്ചു. ഈ അതിരൂപതയെ പൊലീസ് ഫോഴ്സിന് അടിയറവച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഈ അതിരൂപതയിലെ അജപാലകനായിരിക്കാനുള്ള യോഗ്യതയില്ലെന്ന് അതിരൂപതാ ആസ്ഥാനത്ത് കൂടിയ 250 ലേറെ വൈദികര്‍ ചുണ്ടിക്കാണിച്ചു.

ഞങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുന്നതുവരെ ഞങ്ങളുടെ ഇടവകകളില്‍ നിന്നും അതിരൂപതയിലേക്ക് കൊടുക്കേണ്ട തിരട്ട് ഫീസോ മറ്റു പിരിവുകളോ ഞങ്ങള്‍ നല്കുന്നതല്ല. ഞങ്ങളുടെ ഇടവകകളിലേക്ക് അഡ്മിനിസ്ട്രേറ്ററെയോ അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളെയോ യാതൊരു ആവശ്യത്തിനും വിളിക്കുകയില്ല. അജപാലനപരമായ കാര്യങ്ങള്‍ ഫൊറോനകള്‍ കേന്ദ്രീകരിച്ചു ഞങ്ങള്‍ കൂടിയാലോചിച്ചു നടത്തും. പൊലീസ് കാവലില്‍ ആയിരിക്കുന്ന അതിരൂപതാ കേന്ദ്രത്തില്‍ നിന്ന് അറിയിക്കുന്ന യാതൊരു പരിപാടിക്കും ഞങ്ങള്‍ പങ്കെടുക്കുകയില്ല. അതിരൂപതയില്‍ നിന്നും വരുന്ന സര്‍ക്കുലറുകളോ നോട്ടിസുകളോ ഞങ്ങള്‍ ഗൗരവത്തിലെടുക്കുകയില്ലെന്നും പ്രഖ്യാപിച്ചു.

അഞ്ചുലക്ഷം വരുന്ന വിശ്വാസികളെയും 450 ഓളം വൈദികരെയും വിശ്വാസത്തിലെടുക്കാതെ, അവരുടെ നിലവിളികള്‍ കേള്‍ക്കാതെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യത്തിനു വിരുദ്ധമായതും ആധുനിക മനുഷ്യരുടെ ജീവിതത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതുമായ സിനഡിന്‍റെ 50-50 ഫോര്‍മുല ഞങ്ങളുടെ മനസ്സാക്ഷിക്കു വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിരൂപതയിലെ 16 ഫൊറോനകളിലെയും വൈദികര്‍ ഒപ്പിട്ട പ്രമേയം കിഴക്കമ്പലം ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് അരീക്കല്‍ വികാരി ജനറല്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കലിനും മറ്റു കൂരിയാംഗങ്ങള്‍ക്കും കൈമാറി. അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെ കാണാന്‍ വൈദികര്‍ കൂട്ടാക്കിയില്ല. 16 ഫൊറോനകളില്‍ നിന്നുമുള്ള പ്രമേയത്തില്‍ 377 വൈദികരാണ് ഒപ്പിട്ടിരിക്കുന്നത്. അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ ഫാ. ജോസഫ് പാറേക്കാട്ടില്‍ ആമുഖ പ്രഭാഷണം നടത്തി. സീനിയര്‍ വൈദികന്‍ ഫാ. പോള്‍ കല്ലൂക്കാരന്‍ പ്രമേയം അവതരിപ്പിച്ചു.

ഒക്ടോബര്‍ 16, ഞായറാഴ്ച എറണാകുളം ബിഷ്പ്സ് ഹൗസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറര്‍ക്കു പ്രോക്കുറേറ്ററച്ചന്‍ നല്കിയ പരാതിയിന്മേല്‍ ഇന്നു പോലും അതിരൂപതാ ആസ്ഥാനത്ത് പൊലീസ് ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ വൈദികരുടെ ശക്തമായ പ്രതിഷേധമുണ്ടായി. പൊലീസ് സംരക്ഷണം മാറ്റിയില്ലെങ്കില്‍ വൈദികര്‍ ആര്‍ച്ചുബിഷപ്സ് ഹൗസില്‍ നിന്നും പോകുകയില്ലെന്ന കാര്യം കൂരിയാ അംഗങ്ങളെ അറിയിച്ചു. അവസാനം പൊലീസ് സംരക്ഷണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കിള്‍ ഇന്‍സ്പെട്കര്‍ക്കെഴുതിയ കത്ത് ഫാ. പോള്‍ മാടശ്ശേരി വൈദിക സമ്മേളനത്തില്‍ വായിക്കേണ്ടതായി വന്നു. പുറത്തുനിന്നും വന്ന് ഞങ്ങളുടെ അതിരൂപതയെ പൊലീസ് രാജ് ആക്കി മാറ്റി ഞങ്ങളെ അടിമകളാക്കാന്‍ ആര്‍ക്കെങ്കിലും മോഹമുണ്ടെങ്കില്‍ അതൊരിക്കലും നടക്കുകയില്ലെന്ന് വൈദികര്‍ക്കു വേണ്ടി ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു.

ഫാ. ജോസ് വൈലികോടത്ത് (PRO)

9447576778

Facebook Comments Box

By admin

Related Post