മെത്രാന്‍ യാത്ര പോയ തക്കം നോക്കി നിരാഹാരം കിടക്കാന്‍‍ വന്ന വൈദികര്‍ തമ്മില്‍ വാക്കുതര്‍ക്കം. ഉച്ചയ്ക്ക് നിരാഹാരം നിര്‍ത്തി അരമനയില്‍ നിന്നും ഇറങ്ങിയ വൈദികരെ പിന്നെ കണ്ടത് ഹോട്ടലില്‍

Keralanewz.com

തൃശൂര്‍: സീറോമലബാര്‍ സഭയുടെ കുര്‍ബാന ഏകീകരണത്തിനെതിരായി തൃശൂര്‍ അതിരൂപതയിലെ വിമത വൈദികര്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ആദ്യ ദിവസം തന്നെ നിര്‍ത്തേണ്ടിവന്നു. ഫാദര്‍ ജോണ്‍ അയ്യങ്കാനയുടെ നേതൃത്വത്തില്‍ ഒരു ദിവസം മാത്രം പ്രതിക്ഷേധവും നിരാഹാര സമരവും നടത്താന്‍ നിശ്ചയിച്ചിരുന്ന വിമതര്‍ക്ക് രണ്ടു ദിവസം മുന്‍പ് അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് രേഖാമൂലം താക്കീത് നല്‍കിയിരുന്നു. തുടര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരം നടത്തി പ്രതിക്ഷേധം കടുപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഇതറിയാതെ ഒരു ദിവസം മാത്രം നിരാഹാരം കിടക്കാനാണ് പകുതിയിലേറെ പുരോഹിതരും രാവിലെ തന്നെ ബിഷപ്പ് ഹൌസില്‍ എത്തി ചേര്‍ന്നത്. തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പത്തു പേര്‍ ഓരോരുത്തര്‍ ഓരോ ദിവസമായി കുര്‍ബാന ഏകീകരണം നടക്കുന്ന നവംബര്‍ ഇരുപത്തിയെട്ടുവരെ നിരാഹാരം കിടക്കാം എന്ന് ധാരണയായി. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞു വിമത നേതാവായ ഫാദര്‍ ജോണ്‍ അയ്യങ്കാന തടിയൂരിയതോടെ ആര് ആദ്യം കിടക്കും എന്നതായി തര്‍ക്ക വിഷയം. വൈകുന്നേരം വരെ നിരാഹാരമിരിക്കാന്‍ വന്ന വൈദികര്‍ ഉച്ച കഴിഞ്ഞതോടെ ഓരോരുത്തരായി സ്ഥലം വിടാന്‍ തുടങ്ങി. തുടര്‍ന്ന് ബാക്കിയുള്ളവര്‍ ചേര്‍ന്ന് താല്‍ക്കാലികമായി സമരം നിര്‍ത്തിവെയ്ക്കുന്നതായും ബിഷപ്പിനെ നേരില്‍ കണ്ടു പ്രതിക്ഷേധം രേഖപ്പെടുത്തിയതിനു ശേഷം മാത്രം നിരാഹാര സമരം തുടര്‍ന്നാല്‍ മതിയെന്നും തീരുമാനമെടുത്തു. രണ്ടു ഗ്രൂപ്പുകളായി ബിഷപ്പ് ഹൌസ് റോഡിലെ ടേക്ക് എവേ കൌണ്ടറിലും ബിഷപ്പ് ഹൌസിനു പുറകില്‍ കിഴക്കുമ്പാട്ടുകര റോഡിലെ ടീ ഷോപ്പിലുമായി, നിലയുറപ്പിച്ച വൈദികരെയാണ് പിന്നീട് കണ്ടത്. 2019 ജൂലൈ മാസം മാര്‍പാപ്പയുടെ ശിക്ഷാ നടപടികള്‍ക്കെതിരെ ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ എറണാകുളം ബിഷപ്പ് ഹൌസില്‍ നിരാഹാരം കിടന്നതിനു ചുവടുപിടിച്ചായിരുന്നു തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് ഫാദര്‍ ജോണ്‍ അയ്യങ്കാനയുടെ നേതൃത്വത്തില്‍ നടന്ന നിരാഹാര സമരം. മൂന്ന് ദിവസത്തോളം നിരാഹാരം കിടന്ന എറണാകുളം വിമതരെ അന്ന് വിശ്വാസികള്‍ വന്നു ഇറക്കി വിടുകയായിരുന്നുവെങ്കില്‍ വിശ്വാസികളെ അധികം ബുദ്ധിമുട്ടിക്കാതെ തന്നെ ‘ആരോഗ്യപ്രശ്നങ്ങള്‍’ മൂലം തൃശൂര്‍ അതിരൂപതയിലെ വിമത വൈദികര്‍ നിരാഹാര സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു എന്നത് ബിഷപ്പിനും വിശ്വാസികള്‍ക്കും മറ്റു വൈദികര്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

Facebook Comments Box