വിമത വൈദികരുടെ സങ്കടഹർജി മാർപാപ്പാ തള്ളി കുർബാന ഏകീകരണം ഉടൻ നടപ്പാക്കാൻ നിർദ്ദേശം;

Spread the love
       
 
  
    

വിമത വൈദികരുടെ സങ്കടഹർജി മാർപാപ്പാ തള്ളി കുർബാന ഏകീകരണം ഉടൻ നടപ്പാക്കാൻ നിർദ്ദേശം;

കൊച്ചി : സിറോ മലബാർ സഭയിൽ കുർബാന ഏകീകരണം സമയബന്ധിതമായി നടപ്പാക്കാൻ സിനഡ് തീരുമാനം. ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശത്തെ തുടർന്ന് സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ബിഷപ്പുമാരുടെ സിനഡാണ് കുർബാന ഏകീകരിക്കാനുള്ള തീരുമാനമെടുത്തത്. ഇത് പ്രകാരം 2021 ഡിസംബർ ആദ്യവാരത്തിനുള്ളിൽ എല്ലാ സിറോ മലബാർ രൂപതകളും മാർപാപ്പയുടെ ഏകീകരണ തീരുമാനം നടപ്പാക്കണം. അതേസമയം സിറോ മലബാർ സഭയിൽ കുർബാന ഏകീകരണം നിർബദ്ധപൂർവ്വം നടപ്പാക്കരുതെന്നും തങ്ങൾക്ക് തീരുമാനത്തിൽ നിന്ന് ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് എറണാകുളം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ അത്മായ നേതാവ് ശ്രീമതി അന്നാ ഷിബി എന്നിവർ ചേർന്ന് റോമിലേക്കയച്ച സങ്കടഹർജി മാർപാപ്പാ തള്ളി. ഒരു രൂപതയ്ക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്നും അങ്ങനെ ചെയ്‌താൽ അത് വീണ്ടും വിഭാഗീയതയ്ക്ക് ഇടയാക്കുമെന്നും മാർപാപ്പ പൗരസ്ത്യ തിരുസംഘത്തെ അറിയിച്ചു. മാർപാപ്പായുടെ തീരുമാനത്തിന് എതിരായി പൗരസ്ത്യ കോൺഗ്രിഗേഷന് കത്തയച്ച മാണ്ഡ്യാ രൂപത മെത്രാൻ ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിനോട് റോം വിശദീകരണവും ചോദിച്ചിട്ടുണ്ട്. ആരോഗ്യകരമായ കാരണങ്ങളാൽ രൂപത ഭരണത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന അർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ അഭ്യർഥനയും സിനഡ് തള്ളി. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, പാലക്കാട്‌ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, തലശ്ശേരി അർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട്, ചിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ രാജി സിനഡ് സ്വീകരിച്ചു. എറണാകുളം അതിരൂപത വൈദിക സമിതി പിരിച്ചു വിടാനും വൈദിക സമിതി സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യാനും പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. വിവാഹത്തിന് കുർബാനയർപ്പിക്കുന്ന രീതിയിലാണ് എറണാകുളം അതിരൂപതയിൽ ആരാധനക്രമ ഏകീകരണം നടപ്പാക്കുക. കുർബാനയുടെ ആദ്യഭാഗം അൾത്താരയ്ക്ക് താഴെ ക്രമീകരിച്ചിരിക്കുന്ന മേശയിൽ ജനങ്ങളെ നോക്കിയും പ്രധാനഭാഗം മുകളിലുള്ള ബലിപീഠത്തിൽ അൾത്താരയിലേക്ക് നോക്കിയുമായിരിക്കും വൈദികൻ അർപ്പിക്കുക. സിറോ മലബാർ കൂരിയാ വൈസ് ചാൻസലർ ഫാദർ അബ്രാഹം കാവിയിൽപുരയിടത്തിനെ മെത്രാനർഥികളുടെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാനും സിനഡ് തീരുമാനിച്ചു. രണ്ടാഴ്ചയായി ഓൺലൈനായി നടക്കുന്ന സിനഡിന് ഇന്ന് പരിസമാപ്തിയാകും.

Facebook Comments Box

Spread the love