Fri. Apr 26th, 2024

കേരളത്തിൽ 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും : മന്ത്രി പി രാജീവ്‌

By admin Oct 20, 2022 #Industry
Keralanewz.com

കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു.
അഞ്ച് മാസത്തിനുള്ളിൽ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാകുമുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരളത്തിൻ്റെ സൃഷ്ടിക്കായി വലിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നായിട്ടാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയെ സംസ്ഥാന സർക്കാർ കാണുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കമ്പനിയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്. വ്യവസായ ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പ്പാദന ക്ലസ്റ്ററിനായി ഭൂമി ഏറ്റെടുക്കുന്നത് അവസാനഘട്ടത്തിലേക്ക് കടന്നു. 14 മാസം കൊണ്ട് 1150 ഏക്കർ ഭൂമി കേരളത്തിൽ ഏറ്റെടുക്കാൻ സാധിച്ചത് സർക്കാരിൻ്റെ ഇച്ഛാശക്തിയുടെയും കേരളത്തിലെ വികസന സൗഹൃദ അന്തരീക്ഷത്തിൻ്റെയും ഉദാഹരണമാണ്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയും ഈ ഇടനാഴിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിക്കുന്നുണ്ട്. കൊച്ചിയിൽ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്കായി എറണാകുളം ജില്ലയിലെ അയ്യമ്പുഴയിലാണ് ഭൂമി ഏറ്റെടുക്കുന്നത്.

160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.

Facebook Comments Box

By admin

Related Post