വിക്ടോറിയ തടാകത്തിലേക്ക് വിമാനം തകര്‍ന്ന് വീണു: 19 മരണം
ടാന്‍സാനിയയില്‍ യാത്രാവിമാനം വിക്ടോറിയ തടാകത്തിലേക്ക് തകര്‍ന്ന് വീണ് 19 പേര്‍ കൊല്ലപ്പെട്ടു. തടാകത്തിന് സമീപമുള്ള ബുകോബ നഗരത്തിലെ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്.
43 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ 24 പേരെ രക്ഷപെടുത്തി. പ്രിസിഷന്‍ എയറിന്റെ എ.ടി.ആര്‍ – 42 വിമാനമാണ് തകര്‍ന്നത്. രണ്ട് പൈലറ്റുമാര്‍ രക്ഷപ്പെട്ടതായാണ് ആദ്യം റിപ്പോര്‍ട്ട് വന്നതെങ്കിലും പിന്നീട് ഇവര്‍ മരിച്ചിരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.50ഓടെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ഡാസ് എസ് സലാമില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ഈ വിമാനം.
തകര്‍ന്ന് വീണ വിമാനം പൂര്‍ണമായും തടാകത്തില്‍ മുങ്ങിയിരുന്നു. വിമാനത്തിന്റെ വാല്‍ ഭാഗം മാത്രമാണ് ഉയര്‍ന്ന് കാണപ്പെട്ടത്. അപകട സ്ഥലം സന്ദര്‍ശിച്ച ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജാലിവ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് ബുകോബ വിമാനത്താവളം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ടാന്‍സാനിയയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനാണ് പ്രിസിഷന്‍ എയര്‍.