Mon. Mar 4th, 2024

കർഷക പ്രശ്നത്തിൽ കേരളാ കോൺഗ്രസ് എം നിശബ്ദത തുടരുന്നു ;ദീപിക പത്രത്തിന്റേയും കത്തോലിക്കാ സഭയുടെയും മൗനം കർഷകരെ റബ്ബർ തോട്ടങ്ങൾ കൂട്ടത്തോടെ നശിപ്പിക്കാനുള്ള കടുത്ത തീരുമാനത്തിലേക്കാണ് നയിക്കുന്നത്

Keralanewz.com

കാഞ്ഞിരപ്പള്ളി : മധ്യ കേരളത്തിലെ കർഷകരുടെ പ്രധാന വരുമാനം മറ്റൊന്നുമല്ല റബ്ബറിൽ നിന്നുമാണ് . ഇന്ന് റബ്ബർ കർഷകർ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് . കാസർകോട് , കണ്ണൂർ , ഇരിട്ടി , ചെറുപുഴ , മണ്ണാർക്കാട് , ആലുവ , പെരുമ്പാവൂർ , മൂവാറ്റുപുഴ , തൊടുപുഴ , പിറവം , പാലാ , കുറവിലങ്ങാട് , കടുത്തുരുത്തി , കാഞ്ഞിരപ്പള്ളി , പത്തനംതിട്ട , പൂഞ്ഞാർ , റാന്നി , കോന്നി , പുതുപ്പള്ളി , പത്തനാപുരം തുടങ്ങി, തിരുവന്തപുരം ജില്ലയുടെ ഉയർന്ന പ്രദേശങ്ങൾ വരെയുള്ള മേഖലകൾ എല്ലാം തന്നെ റബ്ബർ ഉല്പാദന കേന്ദ്രങ്ങളാണ് . ലക്ഷ കണക്കിന് കുടുംബങ്ങളുടെ പ്രധാന വരുമാനം ഇപ്പോഴും റബ്ബർ ഉത്പാദനം തന്നെ . റബ്ബർ ഉൽപ്പന്നങ്ങൾക്ക് വില അധികവും , റബ്ബർ ഷീറ്റിനു 150 രൂപയിൽ താഴെയുമാണ് കിലോയ്ക്ക് വില ലഭിക്കുന്നത് .

കേരളാ കോൺഗ്രസ് നേതാവായിരുന്ന കെ എം മാണി കൊണ്ട് വന്ന 150 രൂപയുടെ റബർ ഇൻസെൻറ്റീവ് സ്‌കീം ആണ് 2012 മുതൽ റബ്ബർ കർഷകനെ പിടിച്ചു നിറുത്തിയിരുന്നത് . അദ്ദേഹം ജീവിച്ചിരുന്ന കാലത്തും , മന്ത്രി ആയിരുന്നപ്പോഴും , പിന്നീട് എം എൽ എ ആയിരുന്നപ്പോഴും റബ്ബർ കർഷകന് കൃത്യമായി 150 രൂപ ലഭിച്ചിരുന്നു . എന്നാൽ പിന്നീട് ഈ സ്‌കീം ഒരു ഘട്ടത്തിൽ എൽ ഡി എഫ് നിർത്തലാക്കാൻ ശ്രമിക്കുകകയും , പിന്നീട് മാണി വിഭാഗത്തിന്റെ സമ്മർദ്ദ ഫലമായി സ്‌കീംതുടരുകയും ചെയ്തിരുന്നു . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു സർക്കാർ നൽകിയ പ്രധാന വാഗ്ദാനം റബ്ബർ വില 250 ആക്കുമെന്നുള്ളത് ആയിരുന്നു . അതിൽ വിശ്വസിച്ച കർഷക മേഖലകൾ മുഴുവൻ എൽ ഡി എഫ് മുന്നണിക്കാണ് വോട്ട് ചെയ്തത് . ആ പദ്ധതി നടപ്പിലാക്കുവാൻ ഇടതു മുന്നണി പരാജയപ്പെട്ടു എന്നുള്ളത് സിപിഎം പോലും അംഗീകരിക്കുന്ന വസ്തുതയാണ്. കഴിഞ്ഞ ബജറ്റിൽ കിലോക്ക് 170 രൂപയാക്കി സ്‌കീം പ്രഖ്യാപിച്ചിരുന്നതാണ് . എങ്കിലും ബില്ല് സമർപ്പിച്ച നാലിലൊന്ന് കർഷകർക്ക് പോലും അതിന്റെ യാധൊരു വിധ ആനുകൂല്യവും ലഭിച്ചില്ല . പിന്നീട് പൂർണ്ണമായും ഈ സ്‌കീം നിർത്തലാക്കപ്പെട്ട അവസ്ഥയാണ്നിലവിലുള്ളത്.

കേന്ദ്ര സർക്കാരും , കേരളാ സർക്കാരും കൈ വിട്ടതോടെ വല്ലാത്ത പ്രതിസന്ധിയിലാണ് റബ്ബർ കർഷകർ . കർഷക പാർട്ടി എന്ന് വീമ്പിളക്കുന്ന പാർട്ടികൾ ആണ് കേരളാ കോൺഗ്രസ്സുകൾ . അതിൽ ജനവും ജനപ്രതിനിധികളും കൂടുതൽ ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസിൽ ആണ് . യു ഡിഎഫിൽ ഉള്ള ജോസഫ് വിഭാഗം ആണെങ്കിലും ഈ വിഷയത്തിൽ ഇരട്ടത്താപ്പ് ആണ് കാണിക്കുന്നത് . പേരിനു ചില പ്രസ്താവനകൾ ഇറക്കുന്നതല്ലാതെ പിജെ ജോസഫും ഒരക്ഷരം മിണ്ടാടുന്നില്ല .

കേരളാ കോൺഗ്രസ് എം ൽ ആണെങ്കിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുകയും മന്ത്രി റോഷി അഗസ്റ്റിന് വരെ കടുത്ത വിമർശനം ഉണ്ടായതുമാണ് . ഇടതു മന്ത്രി സഭയിൽ അംഗം ആണെങ്കിലും താൻ നിസ്സഹായൻ ആണെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട് എന്നാണ് അറിയുവാൻ സാധിക്കുന്നത് . കഴിഞ്ഞ ദിവസം നടന്ന പാർട്ടി യോഗത്തിൽ ഈ വിഷയം ചർച്ച ഉണ്ടായി എങ്കിലും തുടർ നടപടികൾ ഒന്നും പാർട്ടി സ്വീകരിച്ചിട്ടില്ല . ഇടതു മുന്നണിയിലെ പ്രധാന ഘടക കക്ഷി ആയിട്ടും വെറും പത്ര പ്രസ്താവന മാത്രമാണ് നടക്കുന്നത് എന്നാണ് പൊതുവെ ഉള്ള വിമർശനം . ഭരണം ഉള്ള ഘടക കക്ഷികൾ എന്തിനു വില കൂട്ടാൻ വേണ്ടി പത്ര പ്രസ്താവന നടത്തണം എന്നുള്ളതാണ് വിമർശകരുടെ ചോദ്യം . പത്രത്തിൽ കൂടി പ്രസ്താവനകൾ കൊടുക്കാതെ സർക്കാരിൽ സമ്മർദ്ദം നടത്തി അർഹിച്ച വില കര്ഷകന് വാങ്ങി നല്കുകകയല്ലേ വേണ്ടത് എന്നതാണ് കേരളാ കോൺഗ്രസ്സിനോടുള്ള പ്രധാന ചോദ്യം .

കത്തോലിക്കാ സഭയും ദീപികയും കൈ വിട്ടു ?

കഴിഞ്ഞ കാലങ്ങളിൽ കർഷകനെ എഴുതി സംരക്ഷിച്ച പത്രം ആയിരുന്നു ദീപിക . നസ്രാണികളുടെ പത്രം ആണെങ്കിലും കർഷകന് ഒരു വിഷയം ഉണ്ടാവുമ്പോൾ അവിടെ മുഖം നോക്കാതെ ദീപിക ഉണ്ടായിരുന്നു . എന്നാൽ ഇന്ന് ദീപികയ്ക്കും മൗനമാണ് .കാരണം ഇപ്പോൾ സർക്കുലേഷൻ നന്നായി വർദ്ധിച്ചിട്ടുണ്ട് . ദീപിക ലാഭത്തിലുമാണ് . കത്തോലിക്കാ സഭയിൽ മാർ പൗവത്തിൽ , മാർ അറക്കൽ , അന്തരിച്ച മാർ ആനിക്കുഴിക്കാട്ടിൽ എന്നിവർ ഒരു കാലഘട്ടത്തിൽ കർഷകന് വേണ്ടി ഒരുപാട് ്് ശബ്ദിച്ചിരുന്നു .എന്നാൽ ഇന്നവരുടെ ശബ്ദവും നിലച്ചു . സഭക്ക് ഒരു ചെറിയ ബിജെപി ചായ്‌വ് ഉണ്ടോയെന്ന് പോലും ചില ഘട്ടത്തിൽ സംശയം തോന്നുന്ന രീതിയിൽ ആണ് കര്ഷകനോടുള്ള ഇപ്പോഴത്തെ പെരുമാറ്റം .

കോൺഗ്രസ്സിലുള്ള വിശ്വാസം പണ്ടേ നഷ്ടപെട്ട കർഷകർക്ക് പിന്നെ അവരിൽ ഒന്നും ഒരു പിന്തുണയും പ്രതീക്ഷിക്കുന്നുമില്ല . കാരണം റബ്ബർ വിലയിടിവിന് പ്രധാന കാരണം കോൺഗ്രസിന്റെ ചില നയങ്ങൾ ആയിരുന്നുവല്ലോ . ഇപ്പോൾ ബിജെപി അത് പിന്തുടരുന്നു എന്ന് മാത്രം .

എന്തായാലൂം സഭയും കൂടി കൈ വിട്ടതോടെ പ്രതീക്ഷ നഷ്ടപെട്ട റബ്ബർ കർഷകർ റബ്ബർ തോട്ടങ്ങൾ കൂട്ടത്തോടെ നശിപ്പിക്കുവാൻ ഒരുങ്ങുകയാണ് . റബർ ഓണർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയിലാണ് പ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത് . എല്ലാ രാഷ്ട്രീയ , മത നേതാക്കളെയും ഈ വിഷയത്തിൽ കണ്ട് സംസാരിച്ചിട്ടും ഒരു മെച്ചവുമുണ്ടാവാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനം .

മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെ കർഷകർ കൂട്ടത്തോടെ തോട്ടങ്ങൾ വെട്ടി വിൽക്കുവാൻ ഉള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു . കാഞ്ഞിരപ്പള്ളി , പാലാ , കടുത്തുരുത്തി മേഖലയിൽ റബ്ബർ തോട്ടങ്ങൾ കൂട്ടത്തോടെ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു . സ്വന്തം കാൽ കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതു മുന്നണിയും , കേരളാ കോൺഗ്രസ്സും മനസിലാക്കുന്നില്ല. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ എം എൽ എ മാർ എൽ ഡി എഫി നു നൽകിയ കാര്യം സിപിഎം ഉം , കേരളാ കോൺഗ്രസും മറന്നു .കെ റെയിൽ പോലെയുള്ള രാഷ്ട്രീയ പ്രേരിത സമരങ്ങളിൽ നിലപാട് എടുത്ത കത്തോലിക്കാ സഭ കർഷകന് ഒരു പ്രശ്‌നം വന്നപ്പോൾ സമ്പൂർണ്ണ മൗനം തുടരുന്നത് കർഷകരെ അസ്വസ്ഥരാക്കുന്നു .

Facebook Comments Box

By admin

Related Post