Kerala NewsNational News

ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറി: കെജ്രിവാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണം എന്ന് എഎപി വക്താവ്

Keralanewz.com

ഡല്‍ഹി: ബിജെപിക്കെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ ഭിന്നസ്വരം, പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് AAP അവകാശവാദവുമായി രംഗത്ത് വന്നത്.

ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ത്യ സഖ്യത്തിന് നേതൃത്വം നല്‍കണമെന്ന് ആവശ്യം. എഎപി വക്താവ് പ്രിയങ്ക കക്കാര്‍ ആണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. കെജ്രിവാള്‍ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ശേഷം കെജ്രിവാള്‍ നടപ്പാക്കിയ പദ്ധതികളും പരിഷ്‌കാരങ്ങളും സൂചിപ്പിച്ചാണ് കക്കാറുടെ പ്രതികരണം. രാജ്യതലസ്ഥാനത്ത് പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ് നില്‍ക്കുന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. കെജ്രിവാള്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് കക്കാര്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങളാണ് കെജ്രിവാള്‍ ഉയര്‍ത്തുന്നത്. നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന വിശ്വസ്തനായ നേതാവാണ് അദ്ദേഹമെന്നും കക്കാര്‍ പറഞ്ഞു. അതേസമയം, മുംബൈയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാം സമ്മേളനം നടക്കാനിരിക്കെ എഎപി നേതാവിന്റെ പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആര് എന്ന ചര്‍ച്ചയല്ല ഇപ്പോള്‍ വേണ്ടതെന്ന് കപില്‍ സിബല്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ സഖ്യം മുംബൈയില്‍ യോഗം വിളിച്ചിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ലോഗോ പ്രദര്‍ശനവും സമ്മേളനത്തിലുണ്ടാകും. 26 പാര്‍ട്ടികളാണ് പങ്കെടുക്കുക.

മായാവതി പ്രതിപക്ഷത്തിനൊപ്പമില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച്‌ മല്‍സരിക്കാന്‍ മായാവതിയുടെ ബിഎസ്പി തീരുമാനിച്ചു. എന്‍ഡിഎക്കൊപ്പമോ ഇന്ത്യ സഖ്യത്തിനൊപ്പമോ ചേരില്ലെന്ന് അവര്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്കാകും മല്‍സരിക്കുക എന്ന് മായാവതി ട്വീറ്റ് ചെയ്തു.

പാവപ്പെട്ടവര്‍ക്ക് എതിരായ നയങ്ങള്‍ സ്വീകരിക്കുന്ന പാര്‍ട്ടികളാണ് ഇരു മുന്നണിയിലുമുള്ളത്. ജാതീയതയും വര്‍ഗീയതയുമാണ് അവരെ നയിക്കുന്നത്. വ്യവസായികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരാണവര്‍. ഇരു മുന്നണിയിലെയും പാര്‍ട്ടികളുടെ നയങ്ങള്‍ക്ക് എതിരാണ് ബിഎസ്പി. അതുകൊണ്ടുതന്നെ സഖ്യമുണ്ടാകുമോ എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നും മായാവതി വ്യക്തമാക്കി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ എസ്പിക്കൊപ്പം സഖ്യം ചേര്‍ന്നാണ് ബിഎസ്പി മല്‍സരിച്ചത്. ബിഎസ്പിക്ക് നേരിയ നേട്ടമുണ്ടായെങ്കിലും എസ്പിക്ക് വലിയ തിരിച്ചടിയായി. വൈകാതെ മായാവതി സഖ്യം പിരിയുകയും ചെയ്തു. കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചായിരുന്നു ബിഎസ്പി മല്‍സരിച്ചത്.

Facebook Comments Box