Thu. May 2nd, 2024

ജയിലുകള്‍ ക്വട്ടേഷന്‍ കോള്‍സെന്‍ററുകളായെന്ന്​ കെ.കെ. രമ നിയമസഭയില്‍; മുഖ്യമന്ത്രിക്ക്​ നേരെ രൂക്ഷമായ വിമര്‍ശനം

By admin Jul 27, 2021 #k k rama #niyamasabha
Keralanewz.com

തിരുവനന്തപുരം: കേരളത്തിലെ ജയിലുകള്‍ കറക്​ഷന്‍ സെന്‍ററുകളായല്ല ക്വട്ടേഷന്‍ കോള്‍സെന്‍ററുകളായാണ്​ പ്രവര്‍ത്തിക്കുന്നതെന്ന് കെ.കെ. രമ നിയമസഭയില്‍. ജയിലുകളില്‍നിന്നാണ്​ ക്വ​േട്ടഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്​. സായുധ സുരക്ഷയുള്ള ജയിലുകളിലേക്ക്​ സി.പി.എം ക്രിമിനല്‍ ക്വ​േട്ടഷന്‍ സംഘങ്ങള്‍ക്ക്​ വേണ്ടി സംഘടിതമായും നിയമവിരുദ്ധമായും സാധനങ്ങള്‍ കടത്തുന്നതിനെ കുറിച്ച്‌​ എന്തന്വേഷണമാണ്​ നാളിതുവരെയായി നടത്തിയതെന്നും അവര്‍ ചോദിച്ചു.

പൊലീസ്, ജയില്‍വകുപ്പുകളുടെ ധനാഭ്യര്‍ഥനകളിലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വടകര എം.എല്‍.എയായ രമ. അനുവദിച്ചുകിട്ടിയ അഞ്ചു മിനിറ്റില്‍ മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ക്കുനേരെ രൂക്ഷമായ വിമര്‍ശനമാണ്​ അവര്‍ അഴിച്ചുവിട്ടത്​. ജയിലുകളില്‍ പോലും ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാനും സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിനും കഴിയുന്നില്ലെങ്കില്‍ എന്തിനാണ്​ വകുപ്പ്​ മന്ത്രി തല്‍സ്​ഥാനത്ത്​ തുടരുന്നതെന്നും രമ ചോദിച്ചു.

ജയിലും പൊലീസ്​ സംവിധാനവും നമ്മുടെ ജനാധിപത്യബോധ്യങ്ങളെ മുഴുവന്‍ ഹനിക്കുന്ന തരത്തിലാണ്​ മുന്നോട്ട്​ പോകുന്നത്​. രാഷ്​ട്രീയ ഭരണസ്വാധീനമുള്ള കൊടും കുറ്റവാളികളാണ്​ ജയിലുകള്‍ ഭരിക്കുന്നത്​. സര്‍ക്കാറിനും ജയില്‍വകുപ്പിനും ഇതില്‍നിന്ന്​ തലയൂരാനാകില്ല. ക്വട്ടേഷന്‍ കോള്‍സെന്‍ററുകളായാണ് ജയില്‍​ പ്രവര്‍ത്തിക്കുന്നത്​. മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, പവര്‍ബാങ്കുകള്‍, മദ്യം, മയക്കുമരുന്ന്​ തുടങ്ങി തങ്ങളുടെ സ്വന്തം ക്രിമിനല്‍ സംഘങ്ങള്‍ക്ക്​​ വേണ്ടതെന്തും ജയിലില്‍ ലഭ്യമാക്കുന്ന ആസൂത്രിത ക്രിമിനല്‍ പ്രവര്‍ത്തനമാണ്​ വര്‍ഷങ്ങളായി നടക്കുന്നത്​.

ആകാശ്​ തില്ല​ങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കും പാര്‍ട്ടി ബന്ധമി​ല്ലെന്ന്​ പറഞ്ഞ്​ കൈകഴുകാനാവില്ല. പാര്‍ട്ടിക്ക്​ വേണ്ടി ശുഹൈബെന്ന യുവാവിനെ കൊന്നു തള്ളിയത്​ തില്ല​ങ്കേരിയാണ്​. വിവിധ സംഭവങ്ങളില്‍ ടി.പി കേസ് പ്രതികളായ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ്​ തുടങ്ങിയവര്‍ക്കെതിരെ നല്‍കിയ നൂറുകണക്കിന്​ പരാതികളില്‍ ഒന്നു പോലും പരിഗണിച്ചില്ല. പരോളലിറങ്ങുന്നവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാമെന്നും രമ ആരോപിച്ചു.

കോവിഡ് കാലത്ത് അനുവദിച്ച പരോളുകളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടി.പി.കേസ് പ്രതികള്‍ക്കെതിരെ നല്‍കിയ ഒരു പരാതി പോലും പരിഗണിച്ചില്ലെന്നും കെ.കെ. രമ ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.കെ. രമക്കും കത്തുകളിലൂടെ വന്നഭീഷണിയെക്കുറിച്ച്‌ അന്വേഷിക്കാനെങ്കിലും മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വീഴ്ചകളും പരാതികളും ഉന്നയിച്ച അംഗങ്ങളെ പേരെടുത്തുപറഞ്ഞും ബഹുമാന്യരായ അംഗങ്ങളെന്നു വിശേഷിപ്പിച്ചും മറുപടി നല്‍കിയ മുഖ്യമന്ത്രി കെ.കെ. രമയുടെ പേരുപറയാത്തത് ശ്രദ്ധേയമായി.

Facebook Comments Box

By admin

Related Post