International NewsNational NewsPravasi news

കുവൈറ്റിൽ സ്വദേശിവല്‍കരണം കടുപ്പിക്കുന്നുവോ ? പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

Keralanewz.com

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാപകമായ പിരിച്ചു വിടൽ തുടരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിനു പിന്നാലെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും വിദേശ ജോലിക്കാരെയും പിരിച്ചുവിടുന്നു.

1000ലധികം പ്രവാസികളുടെ തൊഴില്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം മാത്രമാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുകയും സ്വകാര്യ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരില്‍ ഭൂരിഭാഗവും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസി ജോലിക്കാര്‍ക്ക് പകരം സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളെ നിയമിക്കുകയെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിനും നയങ്ങള്‍ക്കും അനുസൃതമായാണ് ഈ തീരുമാനം.
സൗദി അറേബ്യയുടെ മാതൃകയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനും തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പരിഷ്‌കരണങ്ങള്‍ക്കായി കുവൈറ്റിലും ശക്തമായ ആവശ്യമുയര്‍ന്നു വരുന്നുണ്ട്. രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി ഇതിന് ആക്കംകൂട്ടുകയും ചെയ്യുന്നു.

കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 46 ലക്ഷത്തില്‍ ഏകദേശം 34 ലക്ഷവും പ്രവാസികളാണ്. രാജ്യത്ത് അധ്യാപകരുടെ ക്ഷാമമുണ്ടായിട്ടും 1,800 പ്രവാസി അധ്യാപകരെയാണ് അടുത്തിടെ ഒരുമിച്ച്‌ പിരിച്ചുവിട്ടത്. സാമ്ബത്തിക ഞെരുക്കം മറികടക്കാനും വരുമാന വര്‍ധനവിനും കുവൈറ്റ് ഭരണകൂടം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴില്‍ മേഖല നിയമാനുസൃതമാക്കാനും അനധികൃതമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തി നാടുകടത്താനും നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.

ഏഷ്യൻ രാജ്യങ്ങൾക്ക് , അതിൽ പ്രത്യേകിച്ച് ഇന്ത്യക്കാരെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ഇന്ത്യൻ ഭരണ കൂടം ഇടപെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

Facebook Comments Box