Kerala NewsLocal News

വിഴിഞ്ഞം ഇടതുപക്ഷത്തിന്റെ അഭിമാന പദ്ധതി’; ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല: എം.വി.ഗോവിന്ദൻ

Keralanewz.com

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ലെന്നു സിപിഎം സംസ്ഥാന സെകട്ടറി എം.വി.ഗോവിന്ദൻ.

വിഴിഞ്ഞം പദ്ധതി പൊളിക്കാനാണു യുഡിഎഫും ബിജെപിയും ശ്രമിച്ചതെന്നും അതിനെ ശക്തമായി എതിര്‍ത്തുകൊണ്ടാണു പദ്ധതി നടപ്പിലാക്കിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അഴിമതിക്കെതിരെയാണ് അന്ന് എല്‍ഡിഎഫ് പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉള്‍പ്പെടെ യുഡിഎഫ് സര്‍ക്കാരുകള്‍ തുറമുഖത്തിന് വേണ്ടി ഒന്നും ചെയ്തില്ല. യുഡിഎഫിനെതിരെ നടത്തിയ അഴിമതി ആരോപണം ഇപ്പോഴും സാധുവായി നില്‍ക്കുന്നുണ്ട്. അതില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

‘കഴിഞ്ഞ കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് വിഴിഞ്ഞത്ത് വലിയ കോലാഹലം ഉണ്ടായി. പ്രതിപക്ഷവും അന്ന് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുതെന്ന് പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖം വരാന്‍ പാടില്ലെന്ന ലക്ഷ്യമുളള ലോബിയുടെ ഭാഗമായിരുന്നു യുഡിഎഫ്. ബിജെപിയും ഇതിനൊപ്പം നിന്നു. എന്നാല്‍ ഇടതുപക്ഷം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.’ എം വി ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞത്ത് ഉമ്മന്‍ചാണ്ടിയുടെ പേര് ഇടേണ്ട കാര്യമില്ല. മന്ത്രിസഭ പോലും ചേരാതെ വിഴിഞ്ഞത്ത് പോര്‍ട്ട് വരുന്നതിന് പാരയായി നിന്ന കരാര്‍ ഒപ്പിട്ട ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കേണ്ടതില്ലെന്ന അഭിപ്രായമാണ് എം വി ഗോവിന്ദൻ പങ്കിട്ടത്.

Facebook Comments Box