Mon. May 6th, 2024

കാത്തിരിപ്പ് അവസാനിച്ചു, ഇനി രണ്ടു വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ ഒരേ ഫോണില്‍ ഉപയോഗിക്കാം; ഫീച്ചര്‍ അവതരിപ്പിച്ചു

By admin Oct 22, 2023 #feature #whatsapp
Keralanewz.com

ന്യൂഡല്‍ഹി: ഇനി ഒന്നിലധികം വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനായി രണ്ട് ഫോണ്‍ കൊണ്ടുനടക്കേണ്ടതില്ല.

രണ്ടു വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ ഒരേ ഫോണില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്‌ആപ്പ് പ്രഖ്യാപിച്ചു. വരും ആഴ്ചകളില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

നിലവില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും തൊഴില്‍പരമായ കാര്യങ്ങള്‍ക്കുമുള്ള രണ്ട് വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ രണ്ട് ഫോണുകള്‍ ഉപയോഗിക്കുന്നതാണ് പതിവ്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരേ ഫോണില്‍ തന്നെ രണ്ടു അക്കൗണ്ടുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

ഓരോ പ്രാവശ്യവും ലോഗ് ഔട്ട് ചെയ്യാതെ തന്നെ ഒരു അക്കൗണ്ടില്‍ നിന്ന് രണ്ടാമത്തേതിലേക്ക് സ്വിച്ച്‌ ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചറുടെ ഏറ്റവും വലിയ പ്രത്യേകത. ഫോണില്‍ രണ്ടാമത്തെ അക്കൗണ്ട് സെറ്റ് ചെയ്യാന്‍ രണ്ടാമതൊരു ഫോണ്‍ നമ്ബര്‍ ആവശ്യമാണ്. അതായത് രണ്ടാമതൊരു സിം കാര്‍ഡ്. അല്ലെങ്കില്‍ മള്‍ട്ടി സിം അല്ലെങ്കില്‍ ഇ- സിം സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ ആയാലും മതിയെന്നും വാട്‌സ്‌ആപ്പ് അറിയിച്ചു. വാട്‌സ്‌ആപ്പ് സെറ്റിങ്ങ്‌സ് ഓപ്പണ്‍ ചെയ്ത് പേരിന് തൊട്ടരികിലുള്ള ആഡ് അക്കൗണ്ട് ക്ലിക്ക് ചെയ്താണ് രണ്ടാമത്തെ അക്കൗണ്ട് ഫോണില്‍ ക്രമീകരിക്കേണ്ടത്.

Facebook Comments Box

By admin

Related Post