Sat. May 4th, 2024

ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 13കാരൻ ഉള്‍പ്പെടെ 10 മരണം

By admin Oct 22, 2023
Keralanewz.com

അഹമ്മദാബാദ്: നവരാത്രി ആഘോഷത്തിന്റെ ഭാഗ‌മായി നടന്ന ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 24 മണിക്കൂറില്‍ ഗുജറാത്തില്‍ 10 പേര്‍ മരിച്ചു.

ഗുജറാത്തിലെ വിവിധ ഭാഗങ്ങളിലായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് മരണങ്ങള്‍. മരിച്ചവരില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉള്‍പ്പെടുന്നു. ബറോഡയില്‍ നിന്നുള്ള 13 കാരനാണ് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞത്. അഹമ്മദാബാദില്‍ നൃത്തം ചെയ്യുന്നതിനിടെ 24കാരൻ കുഴഞ്ഞു വീണു മരിച്ചു.

ഇത് കൂടാതെ നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ ശ്വാസ തടസം, ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 521 കോളുകളാണ് എമര്‍ജൻസി ആംബുലൻസ് സര്‍വീസ് നമ്ബറായ 108ലേക്ക് വന്നതെന്ന് അധികൃതര്‍ പറയുന്നു. സാധാരണയായി വൈകുന്നേരം ആറ് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്നത്. ഈ സമയത്താണ് എമര്‍ജൻസി കോളുകള്‍ കൂടുതലായും വരാറുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.

മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളോട് സജ്ജമായിരിക്കാൻ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഡോക്ടര്‍മാരുടെയും ആംബുലൻസിന്റെയും സേവനം ഉറപ്പാക്കാനും നിര്‍ദേശത്തില്‍ പറയുന്നു. നവരാത്രി ആഘോഷങ്ങള്‍ക്ക് മുൻപ് നടന്ന ഗര്‍ബ നൃത്തം പരിശീലിക്കുന്നതിനിടെ ഈ വര്‍ഷം ഗുജറാത്തില്‍ മൂന്നു പേരാണ് മരിച്ചത്.

Facebook Comments Box

By admin

Related Post