International NewsKerala NewsNational News

ഇന്ത്യൻ രൂപ സര്‍വകാല തകര്‍ച്ചയില്‍; റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും 216 കടന്നു

Keralanewz.com

മസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതോടെ വിനിമയ നിരക്ക് ഒരു റിയാലിന് 216.10 രൂപയിലെത്തി. അമേരിക്കൻ ഡോളര്‍ ശക്തി പ്രാപിച്ചതും എണ്ണവില വര്‍ധിക്കാനുള്ള പ്രവണതയുമാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചത്.

വെള്ളിയാഴ്ച ഒരു ഡോളറിന് 83.33 രൂപയായിരുന്നു ക്ലോസിങ് നിരക്ക്. വെള്ളിയാഴ്ച ഇടസമയങ്ങളില്‍ ഡോളറിന്റെ വില 83.49 രൂപ വരെ എത്തുകയും ചെയ്തിരുന്നു. വ്യാഴാഴ്ച 83.29 രൂപയായിരുന്നു ഒരു ഡോളറിന്റെ വില. ഒറ്റ ദിവസം നാല് രൂപയുടെ നഷ്ടമാണ് ഇന്ത്യൻ രൂപക്കുണ്ടായത്. ഈ വര്‍ഷം സെപ്റ്റംബര്‍ 18ന് ശേഷമുള്ള ഏറ്റവും വലിയ മൂല്യ തകര്‍ച്ചയാണിത്. 18ന് 83.32 ആയിരുന്നു ഇന്ത്യൻ രൂപയുടെ വില. ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഒരു റിയാലിന് 216.10 രൂപ എന്ന നിരക്കാണ് നല്‍കുന്നത്. വാരാന്ത്യ അവധി ആയതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലും ഇതേ നിരക്കുകള്‍തന്നെ ലഭിക്കും. കഴിഞ്ഞ സെപ്റ്റംബര്‍ 18ന് ഇന്ത്യൻ രൂപ സമാനമായ വിനിമയ നിരക്കിലെത്തിയിരുന്നു. എന്നാല്‍, 22ന് ശേഷം വിനിമയ നിരക്ക് 215ല്‍ എത്തുകയായിരുന്നു. 25 മുതലാണ് വിനിമയ നിരക്ക് വീണ്ടും ഉയരാൻ തുടങ്ങിയത്. പല ദിവസങ്ങളിലും 216 രൂപക്ക് അടുത്തായിരുന്നു. ചില ദിവസങ്ങളില്‍ റിയാലിന് 216 രൂപയിലെത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു റിയാലിന് 208 രൂപയായിരുന്നു വിനിമയ നിരക്ക്. വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. തങ്ങളുടെ ശമ്ബളത്തിന് കൂടുതല്‍ മൂല്യം ലഭിക്കുന്നതിനാല്‍ കൂടുതല്‍ പണം നാട്ടില്‍ അയക്കാൻ കഴിയും.

ബാങ്ക് വായ്പകളും മറ്റും ഉള്ളവര്‍ക്ക് പണം തിരിച്ചടക്കാൻ പറ്റിയ അവസരമാണിത്. എന്നാല്‍, ഒമാനില്‍ ശമ്ബളം മാസാദ്യം ലഭിക്കുന്നതിനാല്‍ പലരും പണം നാട്ടിലേക്ക് അയച്ച്‌ കഴിഞ്ഞിരുന്നു. കൂട്ടിവെച്ചിരുന്ന ചിലര്‍ വിനിമയ നിരക്ക് 216 രൂപ എത്തിയതോടെ ഒന്നിച്ചയക്കുകയും ചെയ്തു. അതിനാല്‍ റിയാലിന് 216.10 രൂപ എന്ന നിരക്ക് പലര്‍ക്കും ഉപയോഗപ്പെടുത്താൻ കഴിയില്ല.

രൂപയുടെ മൂല്യ തകര്‍ച്ചക്ക് നിരവധി കാരണങ്ങളുണ്ട്. അമേരിക്കൻ ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് പ്രധാന കാരണം. ഡോളര്‍ ഇൻഡക്സ് .02 ശതമാനം വര്‍ധിച്ചിരുന്നു. ലോകത്തിലെ ആറ് പ്രധാന കറൻസികളെ അപേക്ഷിച്ചാണ് ഡോളര്‍ ഇൻഡക്സ് കണക്കാക്കുന്നത്. ഡോളര്‍ ഇൻഡക്സ് ഉയര്‍ന്ന് 105.89 പോയന്റില്‍ എത്തി.

യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എണ്ണവില വര്‍ധിക്കുന്ന പ്രവണതയും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ വിദേശനിക്ഷേപം പുറത്തേക്ക് ഒഴുകുന്നതും ഇന്ത്യൻ രൂപക്ക് തിരിച്ചടിയാണ്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്നത് ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനല്‍ ഇൻവെസ്റ്റേഴ്സാണ്. ഇവര്‍ ഒറ്റ ദിവസം 1712.33 കോടി രൂപയാണ് ഇന്ത്യൻ മാര്‍ക്കറ്റില്‍നിന്ന് പിൻവലിച്ചത്. സ്വര്‍ണവില കുറയുന്നതടക്കമുള്ള മറ്റ് കാരണങ്ങളും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തമാവുന്ന പ്രവണത കാണിക്കുന്നതോടെ ഇന്ത്യൻ രൂപ ഇനിയും ശക്തി കുറയാനാണ് സാധ്യതയെന്ന് സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

Facebook Comments Box