Kerala News

പിണറായി ഭരണത്തില്‍ പാവങ്ങളും കര്‍ഷകരും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയായി: കെ.സുരേന്ദ്രൻ

Keralanewz.com

തിരുവനന്തപുരം: കടക്കെണിയില്‍പെട്ട കര്‍ഷകൻ കുട്ടനാട് ആത്മഹത്യ ചെയ്തതിന് പിന്നാലെ ലൈഫ് പദ്ധതിയില്‍ വീടിനുള്ള പണം സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ ഓമല്ലൂരില്‍ ഗോപി എന്നയാള്‍ ജീവനൊടുക്കിയത് പിണറായി സര്‍ക്കാരിൻ്റെ ഭരണത്തില്‍ കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

വീടില്ലാത്തവര്‍ക്കെല്ലാം വീട് കൊടുക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വീടിന് വേണ്ടി ഏഴുലക്ഷം പേരുടെ അപേക്ഷകളാണ് സര്‍ക്കാരിൻ്റെ കയ്യില്‍ കെട്ടികിടക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് അപേക്ഷകള്‍ ആവര്‍ത്തിച്ച്‌ വാങ്ങിക്കുന്നതല്ലാതെ ആര്‍ക്കും സര്‍ക്കാര്‍ വീട് കൊടുക്കുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി(അര്‍ബൻ) പ്രകാരം 1,66,752 വീട് അനുവദിച്ചതില്‍ 1,16,116 പൂര്‍ത്തിയായി.

റൂറലില്‍ 14,812 വീട് അനുവദിച്ചു. എന്നാല്‍ സംസ്ഥാനം പിഎംഎവൈ അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നു. കേരളീയം, ഹെലികോപ്റ്റര്‍, വിദേശയാത്രകള്‍ എന്നൊക്കെ പറഞ്ഞ് കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. നെല്‍കര്‍ഷകന് നെല്ലിൻ്റെ സംഭരണത്തിലെ 75% തുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. എന്നാല്‍ സംസ്ഥാന വിഹിതം നല്‍കാത്ത പിണറായി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പണം നല്‍കുന്നുമില്ല. കര്‍ഷകര്‍ക്ക് ബാങ്ക് ലോണ്‍ പോലും കിട്ടാത്തതിന് കാരണം ഇതാണ്. ഭവന നിര്‍മ്മാണ പദ്ധതിയിലും ആയുഷ്മാൻ ഭാരതിൻ്റെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിൻ്റെ കയ്യില്‍ ചില്ലി കാശില്ല. എന്നാല്‍ കേന്ദ്രം അനുവദിക്കുന്ന തുക ചിലവഴിക്കുന്നുമില്ല. ഏറ്റവും കൂടുതല്‍ റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ലഭിച്ചത് കേരളത്തിനാണ്. കേന്ദ്ര സഹായം ഇല്ലെങ്കില്‍ കേരളം പട്ടിണിയാവും. കേരളത്തില്‍ ധനകാര്യ മിസ് മാനേജ്മെൻ്റാണ്. 40,000 കോടിയെങ്കിലും സംസ്ഥാനം നികുതി പിരിക്കാനുണ്ട്. മാസപ്പടി കൊടുക്കുന്നവരായത് കൊണ്ടാണ് വൻകിടക്കാരില്‍ നിന്നും നികുതി പിരിക്കാത്തത്. എന്നാല്‍ സാധാരണക്കാരൻ്റെ നെഞ്ചത്ത് കയറുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതെല്ലാം മറച്ചുവെക്കാനാണ് പിണറായി കോഴിക്കോട് പാലസ്തീൻ സമ്മേളനം നടത്തിയത്. പാലസ്തീൻ, ഹമാസ് എന്നൊക്കെ പറഞ്ഞാല്‍ പാവങ്ങള്‍ക്ക് അരിവാങ്ങാനാവില്ല. കര്‍ഷകര്‍ക്ക് ലോണ്‍ ലഭിക്കില്ല. ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തത്? ഇസ്ലാമിക ഭീകരവാദം ലോകത്ത് മുഴുവനുണ്ട്. എന്നാല്‍ പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അത് കാണുന്നില്ല.

ഖുറാൻ കൈവശം വെച്ചാല്‍ പിടിച്ച്‌ അകത്തിടുന്നവരാണ് ചൈനക്കാര്‍. പാലസ്തീൻ സമ്മേളനങ്ങള്‍ എന്താണ് കോഴിക്കോട് മാത്രം നടത്തുന്നത്? എന്തുകൊണ്ടാണ് മറ്റ് മതസ്ഥരായ പുരോഹിതരെ ഇതിലേക്ക് വിളിക്കാത്തത്? ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. മുസ്ലിംങ്ങളോടുള്ള സ്നേഹമല്ല, വോട്ട് കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം. കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ നവകേരളയാത്രയ്ക്ക് കൊണ്ടുപോവാൻ ശ്രമിച്ചാല്‍ ബി.ജെ.പി തടയും. സി.പി.എമ്മിൻ്റെ അജണ്ടയില്‍ വീഴുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. തലയില്‍ ആള് താമസമില്ലാത്ത പ്രതിപക്ഷമാണ് കോണ്‍ഗ്രസിന്റെത്.

ശബരിമല തീര്‍ത്ഥാടകരോട് സര്‍ക്കാര്‍ മനുഷ്യത്വവിരുദ്ധ സമീപനം തുടരുന്നു.ശബരിമല തീര്‍ത്ഥാടകരോടുള്ള സര്‍ക്കാരിൻ്റെ അവഗണന തുടരുകയാണെന്ന് കെ.സുരേന്ദ്രൻ. മണ്ഡലമാസ തീര്‍ത്ഥാടത്തിനുള്ള മുന്നൊരുക്കം പരിശോധിക്കാൻ നിലയ്ക്കലും പമ്ബയിലും സന്ദര്‍ശനം നടത്തിയിരുന്നു. 2018ലെ പ്രളയത്തില്‍ തകര്‍ന്ന പമ്ബയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്ലാസ്റ്റിക് നിരോധിത മേഖലയായ സന്നിധാനവും പമ്ബയും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. കഴിഞ്ഞ സീസണില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യം ഈ സീസണ്‍ തുടക്കമായിട്ടും ഇതുവരെ മാറ്റിയിട്ടില്ല. സീസണോട് അനുബന്ധിച്ച്‌ അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട ജോലികളൊന്നും പൂര്‍ത്തീകരിക്കാതെ കിടക്കുകയാണ്.

കഴിഞ്ഞ പ്രളയത്തിനു ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പമ്ബാ സ്നാനം ചെയ്യുന്നതിനുള്ള കുളിക്കടവുകള്‍ ഒന്നും തന്നെ വൃത്തിയാക്കാതെ കിടക്കുകയാണ്. പടവുകളിലെ കല്ലുകള്‍ ഇളകി അപകടകരമാംവിധം കിടക്കുന്നു. പമ്ബാസ്നാനം കഴിഞ്ഞ് കയറുന്ന മാളികപ്പുറങ്ങള്‍ക്ക് വസ്ത്രം മാറുവാനുള്ള സൗകര്യങ്ങള്‍ ഇതുവരെയും ചെയ്തിട്ടില്ല. സന്നിധാനത്ത് തിരക്ക് കൂടുമ്ബോള്‍ പമ്ബ മണപ്പുറത്തെ നടപ്പന്തലില്‍ ആണ് അയ്യപ്പന്മാരെ നിയന്ത്രിച്ച്‌ നിര്‍ത്തുന്നത്. ആ നടപ്പന്തലിന്റെ നിര്‍മ്മാണം എങ്ങും എത്താതെ നില്‍ക്കുന്നു. ചാലക്കയം മുതല്‍ പമ്ബ വരെയുള്ള നാല് കിലോമീറ്റര്‍ ദൂരം ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ ഉള്ള റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞു നാശമായി കിടക്കുന്നു.

അവസാനനിമിഷം വരെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ സ്വന്തക്കാര്‍ക്ക് വേണ്ടി ടെൻഡര്‍ നടപടികള്‍ വൈകിപ്പിച്ച്‌ ഇഷ്ടമുള്ള ആളിനെ കൊണ്ട് വര്‍ക്ക് ചെയ്യിപ്പിക്കുകയാണ്. നിലയ്ക്കലിലേക്കുള്ള കുടിവെള്ള പദ്ധതി മുഴുവൻ താറുമാറായി കിടക്കുന്നു. പമ്ബയില്‍ നിന്നും പെരുനാട്ടില്‍ നിന്നും സീതതോട്ടില്‍ നിന്നും ടാങ്കര്‍ മാര്‍ഗ്ഗമാണ് കുടിവെള്ളമെത്തിക്കുന്നത്. ഇത് തിരുവനന്തപുരത്തെ കരാറുകാരന് വേണ്ടിയാണ്. നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ നിന്നും ബസ്സില്‍ കയറുന്ന അയ്യപ്പഭക്തര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു. തിരിച്ചു പമ്ബയില്‍ നിന്നും കയറുമ്ബോഴും ഇതേ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇരട്ടിയിലധികം ബസ് ചാര്‍ജ് ആണ് വാങ്ങുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

Facebook Comments Box