National NewsPolitics

‘നോട്ടുനിരോധനം ലോകത്തിലെ ഏറ്റവും വലിയ അഴിമതി’; മോദിക്കെതിരെ ആഞ്ഞടിച്ച്‌ അഖിലേഷ് യാദവ്

Keralanewz.com

ലഖ്‌നൗ: ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

ബി ജെ പി സര്‍ക്കാര്‍ 2016 ല്‍ നടത്തിയ നോട്ട് അസാധുവാക്കല്‍ ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്നും സര്‍ക്കാര്‍ നന്നായി ആലോചിച്ച തന്ത്രപരമായാണ് ഇക്കാര്യം നടപ്പിലാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ മുഴുവന്‍ പണവും സര്‍ക്കാര്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു.

പാവപ്പെട്ടവരുടെ പണം സമ്പന്നരുടെ ഖജനാവ് നിറയ്ക്കാന്‍ എടുത്തു. നോട്ട് നിരോധനം അഴിമതിയും ഭീകരതയും അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പണപ്പെരുപ്പം കുറയും. എന്നാല്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു നോട്ട് അസാധുവാക്കലിനു ശേഷവും അഴിമതി കുറഞ്ഞില്ലെന്നും പണപ്പെരുപ്പം നിലച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഭീകരവാദം അവസാനിച്ചില്ല. ഇന്ന് രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും അതിന്റെ ഉച്ചസ്ഥായിയിലാണ്,’ അദ്ദേഹം പറഞ്ഞു. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്നും രാജ്യത്തെ പണവിപണി 33 ലക്ഷം കോടി രൂപയാണ് എന്നും ഇന്നും ഭൂരിഭാഗം ആളുകളും ഡിജിറ്റല്‍ മോഡിന് പകരം പണമായാണ് ഇടപാടുകള്‍ നടത്തുന്നത് എന്നും അഖിലേഷ് യാദവ് പറഞ്ഞു.

അയോധ്യയിലെ ഭൂമി രജിസ്ട്രേഷന്‍ സംബന്ധിച്ച അഴിമതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമിയുടെ രജിസ്‌ട്രേഷനിലും വാങ്ങലിലും വലിയ തോതിലുള്ള പണമിടപാടുകളും അഴിമതിയും നടന്നതായി എല്ലാവരും കണ്ടു. അയോധ്യയിലെ ഭൂമിയുടെ രജിസ്‌ട്രേഷനില്‍ ബിജെപിയില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പെടുന്നു എന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പി സര്‍ക്കാര്‍ വികാരരഹിതവും ഹൃദയശൂന്യവും കാഴ്ച്ചപ്പാടില്ലാത്തതുമാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ജനങ്ങളുടെ ദാരിദ്ര്യം മുതലെടുക്കുന്നു. ഡയല്‍ 112 ല്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഉത്സവ ദിവസങ്ങളില്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളും പീഡിപ്പിക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. 2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സ്ത്രീകളുടെ ശമ്ബളം 3000 രൂപ വര്‍ധിപ്പിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അവരുടെ ശമ്ബളം 6000 രൂപ വര്‍ധിപ്പിക്കുമെന്ന് അഖിലേഷ് പറഞ്ഞു. അഗ്‌നിവീര്‍ യോജന കൊണ്ടുവന്ന് ബിജെപി സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിവീര്‍ യോജന ഒരു പാതിവെന്ത ജോലിയാണ് എന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box