Sun. Apr 28th, 2024

സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; -മുഖ്യമന്ത്രി പിണറായി വിജയൻ.

By admin Nov 13, 2023 #kseb #pinarayi vijayan
Keralanewz.com

കോട്ടയം, കുറവിലങ്ങാട് : 152 കോടി ചെലവില്‍ കുറവിലങ്ങാട്ട് സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്‌സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു.

വ്യവസായം, ഗതാഗതം , ഗാര്‍ഹിക മേഖലകളില്‍ ഫോസില്‍ ഇന്ധന ഉപയോഗം കുറച്ച്‌ പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ഉല്‍പാദനം വെള്ളം, കാറ്റ്, സൗരോര്‍ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജസ്രോതസ്സുകളിലേക്ക് മാറ്റേണ്ടതുണ്ട്. കല്‍ക്കരി ഉപയോഗിച്ചുളള വൈദ്യുതോത്പാദനം പരമാവധി കുറക്കാനാണ് ആഗ്രഹം. അതിന് ജലസംഭരണികളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടിവരും. കേരളത്തിന്റെ ഊര്‍ജമേഖലയെ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള പരിവർത്തനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഊര്‍ജകേരള മിഷൻ. സൗര, ഫിലമെന്റ്‌രഹിത കേരളം, ദ്യുതി, ട്രാൻസ്ഗ്രിഡ് 2.0 എന്നിയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് സൗരോര്‍ജ പദ്ധതിയിലൂടെ 1000 മെഗാവാട്ട് ഉല്‍പാദനം ലക്ഷ്യമിടുന്നു. ഇതില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെയാണ്. ലക്ഷ്യം കാലതാമസമില്ലാതെ കൈവരിക്കുമെന്നാക് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആ നയത്തിന്റെ ഭാഗമായി വൈദ്യുതി വില ഗണ്യമായി ഉയർത്തുകയാണ് കേന്ദ്ര നയം.
ഈ സാഹചര്യത്തിലും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിര്‍ത്തി താഴ്ന്നനിരക്കില്‍ കേരളത്തിലെ വൈദ്യുതി നിരക്ക് പരിഷ്‌കരണത്തെ പരിമിതപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഭാവിക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ലൈൻസ് പാക്കേജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കുറവിലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാൻഡില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സബ്‌സ്‌റ്റേഷനില്‍ സ്വിച്ച്‌ഓണും മന്ത്രി നിര്‍വഹിച്ചു. തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എം എൽ എ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

കെ.എസ്.ഇ.ബി ഡയറക്ടര്‍ (ട്രാൻസ്മിഷൻ) സജി പൗലോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Facebook Comments Box

By admin

Related Post