ക്രൂരതക്കിരയായകുട്ടിയുടെ കുടുംബത്തില്‍ നിന്ന് പണം തട്ടിയത് നീതീകരിക്കാനാകാത്തത്’: അൻവര്‍ സാദത്ത് എംഎല്‍എ
കൊച്ചി: ആലുവയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ ഭര്‍ത്താവ് മുനീറിനെതിരെ അൻവര്‍ സാദത്ത് എംഎല്‍എയും . എം എൽ എ യെയും മുനീർ പറ്റിച്ചു പണം തട്ടി.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതക്കിരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ പണം തട്ടിയെടുത്തത് ഒരു തരത്തിലും നീതികരിക്കാൻ പറ്റാത്ത കാര്യമാണെന്നും പണം കുടുംബത്തിന് കൊടുത്തെന്ന് പറഞ്ഞ മുനീര്‍ തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്നും അൻവര്‍ സാദത്ത് എം.എല്‍.എ വ്യക്തമാക്കി. തട്ടിപ്പ് നടന്നയുടനെ പൊലീസില്‍ പരാതി നല്‍കാൻ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നതായും മുനീര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്നും എന്നാല്‍ ഭാര്യ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി മുനീര്‍ തലയൂരിയിരിക്കുകയാണ്. പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് കുടുംബം അറിയിച്ചു. ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും ആലുവ റൂറല്‍ എസ്.പി പറഞ്ഞു.
കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളില്‍ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മുനീര്‍ പണം തട്ടിയത്. എ.ടി.എം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്ത് അഞ്ച് മുതല്‍ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടില്‍ നിന്ന് പിൻവലിച്ചു. സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു.
ഇതോടെ 70,000 രൂപ ആലുവ എം.എല്‍.എ അൻവര്‍ സാദത്ത് ഇടപെട്ട് തിരികെ നല്‍കി. ബാക്കി 50,000 നവംബറില്‍ തിരികെ നല്‍കാമെന്നാണ് മുനീര്‍ രേഖാമൂലം എഴുതി നല്‍കിയത്. പറഞ്ഞ തിയതി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ഈ സംഭവം ജില്ലയിലെ പാർട്ടിക്കാകമാനം നാണക്കേടായിരിക്കുകയാണ്.