CRIMENational NewsPolitics

60 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍; കര്‍ണാടകയില്‍ വീണ്ടും അഴിമതി? കോണ്‍ഗ്രസ് പ്രതിക്കൂട്ടിൽ .

Keralanewz.com

ബെംഗളൂരു: ബിജെപി സർക്കാരിനെ വീഴ്ത്തിയ കമ്മീഷൻ സർക്കാർ വിവാദം കര്‍ണാടകയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് 40 ശതമാനം കമ്മീഷന്‍ വാങ്ങി അഴിമതി നടത്തുന്ന സര്‍ക്കാരാണെന്നായിരുന്നു കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.

കോണ്‍ഗ്രസിന്റെ ഈ പ്രചാരണമായിരുന്നു ബി ജെ പി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഇപ്പോള്‍ അതേ ആരോപണം കോണ്‍ഗ്രസിനെ തിരിഞ്ഞ് കൊത്തുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്.

60 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന പ്രചാരണം ബിജെപി ആരംഭിച്ചിരിക്കുകയാണ്. അതേസമയം പ്രതിരോധത്തിലായിരിക്കുന്നത് സിദ്ധരാമയ്യ സര്‍ക്കാരാണ്. അടുത്തിടെ സംസ്ഥാനത്ത് ആദായനികുതി റെയ്ഡുകള്‍ നടന്നിരുന്നു. അതാണ് ഇപ്പോള്‍ ബിജെപിയുടെ ആരോപണങ്ങള്‍ക്ക് കരുത്തേകിയിരിക്കുന്നത്. ബെംഗളൂരുവിലെ വികസന പദ്ധതികളുടെ പേരില്‍ കരാറുകാരില്‍ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം.
എന്നാലിത് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ നിഷേധിച്ചു. താന്‍ കരാറുകാരില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയെന്ന അഴിമതി ആരോപണം തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുമെന്ന് ശിവകുമാര്‍ വ്യക്തമാക്കി. അത്തരം ബ്ലാക്‌മെയില്‍ രാഷ്ട്രീയത്തിന് വഴങ്ങില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ബിജെപി സംസ്ഥാന വ്യാപകമായി രണ്ടു ദിവസത്തെ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.വലിയ അഴിമതിയാണ് സംസ്ഥാന വ്യാപകമായി നടക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇവര്‍ രണ്ടുപേരുടെയും മേല്‍നോട്ടത്തിലാണ് 60 ശതമാനം കമ്മീഷന്‍ വാങ്ങുന്നതെന്നും പാര്‍ട്ടി ആരോപിക്കുന്നു. മദ്യ വ്യാപാരികളുടെ അസോസിയേഷന്‍ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. മദ്യ ലൈസന്‍സ് ലഭിക്കാന്‍ 25 ലക്ഷമാണ് ആവശ്യം. എന്നാല്‍ ഇത് തരപ്പെടുത്തി കൊടുക്കാന്‍ കമ്മീഷനായി 75 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും ഈ കത്തില്‍ അവര്‍ പറയുന്നുണ്ടെന്നും സി ടി രവി ആരോപിച്ചു. ഇത് കണക്കുകൂട്ടിയാല്‍ കമ്മീഷന്‍ മുന്നൂറ് ശതമാനമാണെന്നും രവി പറഞ്ഞു.
ബാര്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ 25 ലക്ഷം രൂപയാണ് കമ്മീഷന്‍. എന്നാല്‍ ഇതിന് വേണ്ട ഫീസ് വെറും പത്ത് ലക്ഷമാണ്. 250 ശതമാനമാണ് കമ്മീഷന്‍ എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഈ പണമെല്ലാം കോണ്‍ഗ്രസ് ശേഖരിച്ച ശേഷം ഡല്‍ഹിയിലെ ഹൈക്കമാന്‍ഡിന് അയച്ചുകൊടുക്കുകയാണ്. അവര്‍ക്ക് അധികാരം നിലനിര്‍ത്താന്‍ വേണ്ടിയാണിത് ഉപയോഗിക്കുന്നതെന്നും സിടി രവി പറയുന്നു. ഈ പറഞ്ഞതിനെല്ലാം തെളിവുകളുണ്ട്. കോണ്‍ഗ്രസ് കരുതുന്നത് ഭൂരിപക്ഷം അവര്‍ക്കൊപ്പം ആണെന്നാണ്. എന്നാല്‍ ജനങ്ങളെ ഞങ്ങള്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തും. അതിന്റെ ഫലം എന്താണെന്ന് കാണാമെന്നും സി ടി രവി വ്യക്തമാക്കി.

Facebook Comments Box