National NewsPolitics

കോൺഗ്രസിന് വൻ തിരിച്ചടി; രാജസ്ഥാനില്‍ എട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു ബി ജെ പി യിൽ ചേർന്നു.

Keralanewz.com

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി കോണ്‍ഗ്രസിലെ എട്ട് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

40 ൽ അധികം മണ്ഡലങ്ങളില്‍ നേരിടുന്ന വിമത ഭീഷണിക്കൊപ്പം നേതാക്കളുടെ കൂറുമാറ്റവും കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാം ഗോപാല്‍ ബൈര്‍വ, മുന്‍ എംഎല്‍എ അശോക് തന്‍വാല്‍ എന്നിവരടക്കമുള്ള നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. അതേസമയം ബിജെപി വിട്ട പ്രമുഖ നേതാവ് അമിന്‍ പഠാന്‍ കോണ്‍ഗ്രസിലും ചേര്‍ന്നിട്ടുണ്ട്. രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ബിജെപി മുന്നിലെന്നുമാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. അശോക് ഗെഹ്ലോട്ടിന്റെ ജനകീയതയാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്.

ടോങ്കടക്കമുള്ള മേഖലകളില്‍ സച്ചിന്‍ പൈലറ്റിനും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അതേസമയം വിമതരെയും പാര്‍ട്ടി വിടുന്നവരെയും അനുനയിപ്പിക്കാന്‍ ബിജെപി-കോണ്‍ഗ്രസ് നേതൃത്വം പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ പ്രവചനാതീതമാണ്.രാജസ്ഥാനില്‍ നവംബര്‍ 25 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ബിജെപി- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പ്രചരണങ്ങള്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അതേസമയം വ്യാഴാഴ്ച ബിജെപി പ്രചാരണ പത്രിക പുറത്തിറക്കും.ഭരണമാറ്റമെന്ന പതിവ് രീതി ആവര്‍ത്തിച്ചാല്‍ ബിജെപിക്കും, ക്ഷേമ പദ്ധതികള്‍ ജനം അംഗീകരിച്ചാല്‍ കോണ്‍ഗ്രസിനും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇരുപാര്‍ട്ടികളും. മാറിയ ജാതി സമവാക്യങ്ങളും ഇക്കുറി രാജസ്ഥാന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാകും. 2019 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 200 അംഗ സഭയില്‍ 99 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 73 സീറ്റുകളിലായിരുന്നു ബിജെപി ജയിച്ചത്.
ലോക്സഭാ ഇലക്ഷന് മാസങ്ങൾ മാത്രം ശേഷിച്ചിരിക്കെ നടക്കുന്ന ഇലക്ഷൻ ഇരു പാർട്ടികൾക്കും ഏറെ നിർണ്ണായകമാണ്.

Facebook Comments Box