AccidentNational NewsTechnology

സിൽക്യാര ടണൽ ദുരന്തം;തൊഴിലാളികൾ അഞ്ചുമീറ്റര്‍ ദൂരത്തിൽ , രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍.

Keralanewz.com

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കഴിഞ്ഞ 17 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തില്‍. തൊഴിലാളികളുടെ അടുത്തെത്താൻ ഇനി 5 മീറ്റർ ദൂരം മാത്രം.

ഇന്നലെ ആരംഭിച്ച മാനുവല്‍ ഡ്രില്ലിങ്ങിലൂടെ അവശിഷ്ടങ്ങള്‍ മാറ്റി തൊഴിലാളികള്‍ക്ക് അഞ്ചു മീറ്റര്‍ അടുത്ത് വരെ രക്ഷാപ്രവര്‍ത്തനം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓഗര്‍ ഡ്രില്ലിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഇന്നലെ രാത്രി ഏഴ് മണിയോടെ മാനുവല്‍ ഡ്രില്ലിങ് ആരംഭിച്ചു. റാറ്റ് മൈനേഴ്‌സിന്റെ നേതൃത്വത്തിലാണ് ഹൊറിസോണ്ടലാ മല തുരക്കുന്ന ജോലികള്‍ പുരോഗമിക്കുന്നത്.

പരിചയസമ്പന്നരായ 24 ‘റാറ്റ്-ഹോള്‍ മൈനിംഗ്’ വിദഗ്ധരുടെ ഒരു സംഘമാണ് മാനുവല്‍ ഡ്രില്ലിംഗ് നടത്തുന്നത്. തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിന് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഇടുങ്ങിയ പാത ഒരുക്കുന്നതിനുള്ള ശ്രമകരമായ ജോലികളാണ് പുരോഗമിക്കുന്നത്. സമയമെടുക്കുന്ന ഈ ദൗത്യത്തില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് അടക്കമുള്ള പ്രവൃത്തികളാണ് നടന്നുവരുന്നു. പല രക്ഷാപ്രവര്‍ത്തന രീതികളും പരാജയമായതോടെയാണ് അധികൃതര്‍ മാനുവല്‍ ഡ്രില്ലിങ്ങ് നടത്താൻ തീരുമാനിച്ചത്.

അതിനിടെ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് 40 ശതമാനം പൂര്‍ത്തിയായി. 86 മീറ്റര്‍ ദൂരത്തിലാണ് ലംബമായി തുരക്കേണ്ടത്. ഇതില്‍ 40 ശതമാനം പ്രവൃത്തികളാണ് പൂര്‍ത്തിയായത്.കാലാവസ്ഥ പ്രതികൂലമാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായേക്കും. അടുത്ത രണ്ടു ദിവസം മഴയും മഞ്ഞു വീഴ്ചയും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഹെല്‍മറ്റ്, യൂണിഫോം, മുഖംമൂടി, കണ്ണട എന്നിവ ധരിച്ചാണ് റാറ്റ്-ഹോള്‍ ഖനിത്തൊഴിലാളികള്‍ പൈപ്പുകള്‍ക്കുള്ളില്‍ കടന്നത്.രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്താനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനനവും, ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയും അദ്ദേഹം അന്വേഷിച്ചു. തൊഴിലാളികളുടെ ആരോഗ്യസ്ഥിതി മണിക്കൂര്‍ ഇടവിട്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് റോബോട്ടിക്സ് എക്സ്പെര്‍ട്ട് മിലിന്ദ് രാജ് പറഞ്ഞു. തൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണെന്നും, അവർക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook Comments Box