Tue. Apr 16th, 2024

ഉത്തരവില്‍ മാറ്റമില്ല, കടയില്‍ പോകാന്‍ ആര്‍.ടി.പി.സി.ആറോ വാക്​സിനോ നിര്‍ബന്ധം -ആരോഗ്യമന്ത്രി

By admin Aug 5, 2021 #covid19
Keralanewz.com

തിരുവനന്തപുരം: ഇന്നുമുതല്‍ കടകളിലും ബാങ്കുകളിലും മറ്റുപൊതുസ്​ഥലങ്ങളിലും പോകാന്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സ്വീകരിച്ച രേഖയോ നിര്‍ബന്ധമാണെന്ന നിലപാടില്‍ ഉറച്ച്‌ മന്ത്രി വീണ ജോര്‍ജ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ നടപ്പിലാക്കിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിബന്ധനകള്‍ പാലിച്ചാല്‍ അഭികാമ്യം എന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയപ്പോള്‍ നിര്‍ബന്ധമെന്നായിരുന്നു. ഇത് ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.

മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍, 72 മണിക്കൂറിനിടെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിങ്ങനെയാണ് മൂന്ന് നിബന്ധനകള്‍. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലും വ്യവസ്ഥായ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാണ്.

നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഒരു കൈകൊണ്ട് കട തുറന്ന സര്‍ക്കാര്‍ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ വെച്ച്‌ കടകള്‍ അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Facebook Comments Box

By admin

Related Post