National NewsTravel

ട്രെയിന്‍ ഇനി മുന്നോട്ടില്ല; പണിമുടക്കി ലോക്കോ പൈലറ്റുമാര്‍, ദുരിതത്തിലായി 2500 യാത്രക്കാര്‍

Keralanewz.com

ലഖ്‌നൗ: ലോക്കോ പൈലറ്റുമാര്‍ അപ്രതീക്ഷിതമായി ജോലി നിര്‍ത്തിയതോടെ 2500 ലധികം യാത്രക്കാര്‍ വലഞ്ഞു. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ബുര്‍വാള്‍ ജംഗ്ഷനിലാണ് സംഭവം.

തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് ഒരു ലോക്കോപൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിപോയപ്പോള്‍ മറ്റൊരു ട്രെയിനിലെ ലോക്കോ പൈലറ്റ് അസുഖ ബാധിതനാണെന്ന് പറഞ്ഞു ജോലി നിര്‍ത്തി.

ട്രെയിനിനുളളില്‍ വെളളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതിരുന്നതിനാല്‍ രോക്ഷാകുലരായ യാത്രക്കാര്‍ ഒരു എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞു. സഹര്‍സ-ന്യൂഡല്‍ഹി സ്‌പെഷ്യല്‍ ഫെയര്‍ ഛത്ത് പൂജ സ്‌പെഷ്യല്‍ (04021) ബറൗണി- ലക്‌നൗ ജംഗ്ഷന്‍ എക്‌സ്പ്രസ് (15203) എന്നീ ട്രെയിനുകളിലെ ജീവനക്കാരാണ് അപ്രതീക്ഷിതമായി പണി മുടക്കിയത്.

സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് എക്‌സ്പ്രസ് ട്രെയിനുകളിലേക്ക് റെയില്‍വേ ഗോണ്ട ജംഗ്ഷനില്‍ നിന്ന് ജീവനക്കാരെ അയച്ചു. റെയില്‍വേ പറയുന്നതനുസരിച്ച്‌ നവംബര്‍ 27 ന് രാത്രി 7.15 ന് പുറപ്പെടേണ്ടിയിരുന്ന 04021 നവംബര്‍ 28 ന് രാവിലെ 9.30 ന് സഹര്‍സയില്‍ നിന്ന് പുറപ്പെട്ടു. 19 മണിക്കുര്‍ വൈകിയാണ് ട്രെയിന്‍ ഗോരഖ്പൂരില്‍ എത്തിയത്. എക്‌സ്പ്രസിന് ബര്‍ഹ്വാള്‍ ജംഗ്ഷനില്‍ ഹാള്‍ട്ട് ഇല്ലായിരുന്നു. എന്നാല്‍ ഏകദേശം 1.15 ന് ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്യാതെ നിര്‍ത്തി.

രണ്ടാമത്തെ ട്രെയിനായ ബറൗണി -ലക്‌നൗ ജംഗ്ഷന്‍ എക്‌സ്പ്രസ് ഇതിനകം അഞ്ച് മണിക്കൂറും 30 മിനിറ്റും വൈകി ഓടുകയായിരുന്നു. 4.04 ന് ബര്‍ഹ്വാള്‍ ജംഗ്ഷനില്‍ എത്തിയ ബറൗണി -ലക്‌നൗ ജംഗ്ഷന്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച്‌ പുറത്തിറങ്ങിയെന്നും റെയില്‍വേ പറഞ്ഞു.

Facebook Comments Box