മകളുടെ മാംഗല്യത്തിന് അനുഗ്രഹംതേടി പാലാ പള്ളിയില്‍ സുരേഷ്ഗോപി
പാലാ: മകളുടെ കല്യാണം ഗുരുവായൂര്‍ ക്ഷേത്രത്തിലാണെങ്കിലും പാലാ കുരിശുപള്ളിയിലെ `സുന്ദരി മാതാവിന്റെ’ അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തി.
അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയായതിനാല്‍ നേര്‍ച്ച കാഴ്ച സമര്‍പ്പിച്ച് മകള്‍ക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു ഇരുവരും.
ജനുവരി 17ന് ഗുരുവായൂരിലാണ് താലികെട്ട്.
ഇന്നലെ രാത്രി ഏഴേകാലോടെയാണ് പള്ളിയില്‍ എത്തിയത്. പാലായില്‍ വരുമ്ബോഴെല്ലാം മാതാവിനു മുന്നില്‍ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ. തിരുനാളിന് എത്തുന്നത് ആദ്യമായാണ്.
സുഹൃത്ത് ബിജു പുളിക്കക്കണ്ടവും ഒപ്പമുണ്ടായിരുന്നു.മുഖ്യവികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തില്‍, ഫാ.ജോസ് കാക്കല്ലില്‍ എന്നിവര്‍ സ്വീകരിച്ചു.
തങ്കശ്ശേരി സ്കൂളില്‍
തുടങ്ങിയ പ്രാര്‍ത്ഥന
കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കോണ്‍വെന്റിലായിരുന്നു സുരേഷ് ഗോപിയുടെ സ്കൂള്‍ പഠനം. പുലര്‍ച്ചെ മാതാവിനോടുള്ള പ്രാര്‍ത്ഥനയായി കൊന്ത ചൊല്ലണമായിരുന്നു. അത് ഇന്നും മനഃപാഠമാണ്.
പാലായിലെ പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം തുടങ്ങുന്നത് ലേലം സിനിമ മുതലാണ്. ഇതിലെ ഒരു ഡയലോഗ് ”എന്റെ പുണ്യാളച്ചാ” എന്നായിരുന്നു. സുഹൃത്തും, അക്കാലത്തെ സിനിമാ പ്രവര്‍ത്തകനുമായ ബിജു പുളിക്കക്കണ്ടമാണ് ”എന്റെ കുരിശുപള്ളി മാതാവേ” എന്നാക്കാമെന്ന് അഭിപ്രായപ്പെട്ടത്. സിനിമയില്‍ ഒരു ഡസനോളം സ്ഥലത്ത് ”എന്റെ കുരിശുപള്ളി മാതാവേ” എന്ന് സുരേഷ് ഗോപിയുടെ കഥാപാത്രമായ ആനക്കാട്ടില്‍ ചാക്കോച്ചി പറയുന്നുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ഗരുഡൻ സിനിമയില്‍ അഭിനയിക്കുംമുമ്ബും മാതാവിനോട് പ്രാര്‍ത്ഥിക്കാനെത്തിയിരുന്നു.