റോഡ് ക്യാമറാ പദ്ധതി;കെല്‍ട്രോണും മോട്ടര്‍വാഹന വകുപ്പും തമ്മില്‍ അന്തിമ കരാറിലേക്കു പോകും മുൻപുതന്നെ കെല്‍ട്രോണിന് ആദ്യ ഗഡു പണം നല്‍കിയേക്കും
തിരുവനന്തപുരം∙ റോഡ് ക്യാമറാ പദ്ധതിയില്‍ കെല്‍ട്രോണും മോട്ടര്‍വാഹന വകുപ്പും തമ്മില്‍ അന്തിമ കരാറിലേക്കു പോകും മുൻപുതന്നെ കെല്‍ട്രോണിന് ആദ്യ ഗഡു പണം നല്‍കിയേക്കും.
പണം നല്‍കുന്നതിന് അനുമതി തേടി ഗതാഗത കമ്മിഷണര്‍ ഗതാഗത വകുപ്പിനു കത്തുനല്‍കി. 232 കോടി രൂപയാണ് നല്‍കേണ്ടത്. വര്‍ഷത്തില്‍ നാലു ഗഡുക്കളായി 5 വര്‍ഷം കൊണ്ടാണ് സര്‍ക്കാര്‍ ഇൗ പണം നല്‍കുന്നത്. 11.6 കോടി രൂപയുടെ ആദ്യ ഗഡു നല്‍കുന്നതിനാണ് അനുമതി തേടിയത്.
റോഡ് ക്യാമറ വിവാദമായതോടെ സമഗ്രമായ പുതിയ കരാറുണ്ടാക്കി മാത്രമേ കെല്‍ട്രോണിന് പണം നല്‍കാവൂവെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചിരുന്നു. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ കരാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ക്യാമറകളുടെ അമിത വിലയും കെല്‍ട്രോണ്‍ എടുത്ത കരാര്‍ സ്വകാര്യ കമ്ബനികള്‍ക്ക് മറിച്ചുകൊടുത്തതും വിവാദമായി. എന്നാല്‍ കെല്‍ട്രോണ്‍ പുതിയ കരാറിന് പൂര്‍ണമായും സമ്മതിച്ചില്ല. ക്യാമറാ യൂണിറ്റ് കേടായാലോ പ്രവര്‍ത്തിക്കാതെയായാലോ കെല്‍ട്രോണ്‍ നല്‍കേണ്ട പിഴയില്‍ വര്‍ധന വരുത്തി. ഇപ്രകാരം ചെറിയ വിട്ടുവീഴ്ചയ്ക്കു മാത്രമേ കെല്‍ട്രോണ്‍ തയാറായിട്ടുള്ളൂ. ഇൗ അന്തിമ കരാര്‍ ഗതാഗത വകുപ്പ് തയാറാക്കി ഗതാഗതവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇതില്‍ നിയമവകുപ്പ് ഉള്‍പ്പെടെ പരിശോധന നടത്തിമാത്രമേ അന്തിമ കരാര്‍ അംഗീകരിക്കൂ.