Sat. May 4th, 2024

തീരശോഷണം തടയാൻ സമഗ്ര പദ്ധതി നടപ്പാക്കണം: ജോസ് കെ മാണി എം പി.

Keralanewz.com

ന്യൂഡല്‍ഹി: കേരളത്തിലെ കടല്‍ത്തീരങ്ങളെയും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെയും ഗുരുതരമായി ബാധിക്കുന്ന തീരശോഷണം തടയുന്നതിനായി ഒരു സമഗ്രപദ്ധതിക്ക് രൂപം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി രാജ്യസഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.  

ഇന്ത്യയുടെ തീരപ്രദേശങ്ങളിലെ തീരശോഷണം  സംബന്ധിച്ച് സമഗ്രമായ ശാസ്ത്രീയ  പഠനം ആവശ്യമാണ്. ഇത്തരം പ്രദേശങ്ങള്‍ കണ്ടെത്താനും പ്രതിരോധിക്കാനും പഠനം സഹായിക്കും. ആധുനികമായ പ്രതിരോധ മാര്‍ഗങ്ങള്‍ക്കൊപ്പം തദ്ദേശീയമായ സാങ്കേതിക വിദ്യയുടെ  സംയോജനം കൂടി ഇക്കാര്യത്തില്‍ പ്രയോജനപ്പെ ടുത്തണം.കാലവസ്ഥാ വ്യതിയാനങ്ങള്‍ കാരണം  ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുതകുന്ന പദ്ധതികള്‍  ശാസ്ത്രീയ പഠനത്തിലൂടെ  നടപ്പിലാക്കാന്‍ കഴിയും.

തിരുവനന്തപുരത്തെ പൂവാര്‍ മുതല്‍ കാസര്‍ക്കോട്ടെ തലപ്പാടി വരെ 590 കിലോമീറ്റര്‍ കടല്‍ത്തീരം കേരളത്തിനുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ വലിയ ജനസാന്ദ്രതയാണുള്ളത്. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 33.6% സമുദ്രതീരം തീരശോഷണത്തിന്റെ പിടിയിലാണ്. കേരളത്തിലെ 46% സമുദ്രതീരത്തും തീരശോഷണം സംഭവിച്ചുകഴിഞ്ഞു.  തീരസംരക്ഷണത്തിനായി വരുന്ന ബജറ്റുകളില്‍ ആവശ്യമായ ഫണ്ട് വകയിരുത്തണം. ശാസ്ത്രീയ പഠനത്തിന്റെ സഹായത്തോടെ ആധുനിക പദ്ധതികള്‍ നടപ്പിലാക്കി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post