കോട്ടയം : പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ഉജ്ജ്വല വരവേൽപ്പ് നൽകി വൈക്കം. കല്ലറ, തലയോലപറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലാണ് രണ്ടാം ഘട്ടത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണമൊരുക്കിയത്. രാവിലെ 8ന് കൊല്ലംപറമ്പിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്. ആദ്യയോഗത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
പര്യടനം തലയോലപറമ്പിൽ എത്തിയപ്പോൾ കിഴക്കേപ്പുറം കപ്പേളയ്ക്ക് മുന്നിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തു നിന്നത് കുറച്ചു മാർഗ്ഗം കളിക്കാർ ആയിരുന്നു. പ്രദേശത്തെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ കൂടിയായ അന്നമ്മ ചേട്ടത്തിയുടെയും ത്രേസ്യാമ്മ ചേട്ടത്തിയുടെയും നേതൃത്വത്തില്‍ പത്തോളം വരുന്ന കലാകാരികളാണ് ഹൃദ്യമായ സ്വീകരണമൊരുക്കിയത്. വാര്‍ഡ് മെമ്പര്‍ ഷിജി വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നിരവധി പ്രദേശവാസികള്‍ സ്ഥാനാര്‍ത്ഥിയെ പുഷ്പങ്ങളും രണ്ടിലയും നല്‍കി സ്വീകരിച്ചു. പിന്നാലെ നാദം ജംഗ്ഷനിൽ സ്ഥാനാർത്ഥിയെ കാത്തുനിന്നത് തലയെടുപ്പുള്ള കൊമ്പനായിരുന്നു. ഒറിജിനലിനെ വെല്ലുന്ന കൊമ്പന്റെ തിടമ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വെച്ച് നാദം ജംഗ്ഷനിലെ നാട്ടുകാര്‍ തങ്ങളുടെ സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ നിറഞ്ഞമനസ്സോടെ നന്ദി പ്രകാശിപ്പിച്ചാണ് സ്ഥാനാർത്ഥി മടങ്ങിയത്.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പൂക്കളും പഴങ്ങളുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ സംഘമാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. രാത്രി വൈകി ചാണിയിൽ കവലയിൽ പര്യടനം സമാപിച്ചു. വൈക്കം എംഎൽഎ സി കെ ആശയും തോമസ് ചാഴികാടനൊപ്പം മുഴുവൻ സമയവും പര്യടനത്തിൽ പങ്കാളിയായി.