തൊടുപുഴ: വില തകർച്ച മൂലം നട്ടംതിരിയുന്ന കേരളത്തിലെ 12 ലക്ഷത്തോളം വരുന്നറബ്ബർ കർഷകരെ സംരക്ഷിക്കുവാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ടയർ കമ്പനികൾ പിഴയായി അടയ്ക്കേണ്ട 1788 കോടി രൂപ കേന്ദ്രസർക്കാർ ഈടാക്കി റബർ കർഷകർക്ക് വിതരണം ചെയ്യണം. വ്യവസായികൾ അസംസ്കൃത റബർ ഇറക്ക് മതി ചെയ്യുമ്പോൾ ലഭിക്കുന്ന അധിക ചുങ്കം ആശ്വാസ ധനസഹായമായി റബർ കർഷകർക്ക് വിതരണം ചെയ്യണം. രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ റബ്ബർ കർഷചരെ ഏറ്റവും കൂടുതൽ ദ്രോഹിച്ച യുപിഎ സർക്കാരിൻറെ തെറ്റായ നയങ്ങൾ ബിജെപി സർക്കാരും പിന്തുടരുകയാണ്. റബ്ബർ വ്യവസായികൾക്ക് ഇറക്കുമതിക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതെ രാജ്യത്തെ തുറമുഖങ്ങൾ വഴി അനിയന്ത്രിതമായതോതിൽ ഇറക്കുമതി ഇന്നും തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ഉൽപാദന ചെലവിന്റെ ഭീമമായ വർദ്ധനവ് നിമിത്തം കേരളത്തിലെ റബർ ഉൽപാദനം നാൾ കുറഞ്ഞുവരികയാണ് . റബ്ബറിനു വിപണിയിൽ ലഭ്യത കുറവ് വന്നെങ്കിലും റബ്ബർ വില താഴേക്ക് തന്നെയാണ്. കർഷകരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ഭീഷണി നേരിടുകയുമാണ്. സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ആശ്വാസം നൽകുവാൻ ആരംഭിച്ച വിലസ്ഥിരത പദ്ധതി പോലെ അംഗീകരിക്കപ്പെട്ട ധനസഹായ പദ്ധതി ആരംഭിക്കുവാൻ കേന്ദ്രം തയ്യാറാവണം. സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോട് രാഷ്ട്രീയ എതിർപ്പ് മുൻനിർത്തി പലവിധ കാരണങ്ങൾ പറഞ്ഞ് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ കേരളത്തിലെ റബ്ബർ കർഷകരോട് ചിറ്റമ്മ നയം അനുവർത്തിക്കുകയാണ് സംസ്ഥാനത്തെ പകുതിയിലധികം ലോകസഭാ മണ്ഡലങ്ങളിൽ നിർണായക ശക്തിയായ റബർ കർഷകരുടെ കണ്ണുനീരിന് വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വില കൊടുക്കേണ്ടിവരും. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പുലർത്തുന്ന കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ചെറുവിരലനക്കുവാൻ മടിക്കുന്ന കേരളത്തിലെ യുഡിഎഫ് ബിജെപിയുടെ ബി ടീമായി മാറിയിരിക്കുകയാണ് എന്നും നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ജില്ലയിലെ 90% ജനങ്ങളെയും ബാധിക്കുന്ന ഭൂപതിവ് നിയമം ഭേദഗതി ചെയ്യുവാൻ നിയമസഭ ഐക്യ കണ്ട്ഠേന പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ പാസാക്കാതെ രാഷ്ട്രപതിക്ക് അയച്ചു വൈകിപ്പിക്കുന്ന കേരള ഗവർണറെ തിരിച്ചു വിളിക്കുവാൻ കേന്ദ്രം തയ്യാറാകണം. ഈ ആവശ്യം ഉന്നയിച്ച് ജനുവരി 9ന് രാജ് ഭവനിലേക്ക് മാർച്ച് നടത്തുന്ന ഇടുക്കി ജില്ലയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിനായി അന്നേദിവസം തന്നെ തൊടുപുഴയിൽ ഗവർണറെ പങ്കെടുപ്പിച്ച് മീറ്റിംഗ് നടത്തുവാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. ഒമ്പതാം തീയതി നടക്കുന്ന ജില്ലാ ഹർത്താൽ വിജയിപ്പിക്കുന്നതിനും കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറഅധ്യക്ഷത വഹിച്ചു.പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, ബെന്നി പ്ലാക്കൂട്ടം,അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരികാട്ട്, അംബിക ഗോപാലകൃഷ്ണൻ, പി ജി ജോയി, ജോസ് പാറപ്പുറം, ജോർജ് അറക്കൽ, ജോസി വേളാച്ചേരി, സണ്ണി കടുത്തലകുന്നേൽ,മനോജ് മാമല,തോമസ് വെളിയത്തുമാലി, സി ജെ ജോസ്, ജോസ് മഠത്തിനാൽ,ഡോണി കട്ടക്കയം, റോയ്സൺ കുഴിഞ്ഞാലിൽ, അഡ്വ.കെവിൻ ജോർജ്, ജോസ് കുന്നുംപുറം, കുര്യാച്ചൻ പൊന്നാമറ്റം, ശ്രീജിത്ത് ഒളിയറക്കൽ, ജെഫിൻ കൊടുവേലി,ലാലി ജോസി, റോയ് വാലുമ്മേൽ, ജിജോ കഴിക്കചാലിൽ,പി ജി സുരേന്ദ്രൻ,തുടങ്ങിയവർ പ്രസംഗിച്ചു.
Facebook Comments Box