Kerala News

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊല്ലാന്‍ ശ്രമിച്ച മന്ത്രവാദ ചികിത്സകന്‍ അറസ്‌റ്റില്‍

Keralanewz.com

കുമരകം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍, മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. എരുമേലി കനകപ്പലം ഐഷാ മന്‍സിലില്‍ അംജത്‌ ഷാ(43)യാണ്‌ അറസ്‌റ്റിലായത്‌.
ഒന്‍പതു വയസുള്ള ആണ്‍കുട്ടിയെയും അനുജനെയുമാണ്‌ മര്‍ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. കഴിഞ്ഞ വര്‍ഷം കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാള്‍ പലപ്പോഴായി വീട്ടില്‍ വന്നുപോയിരുന്നു. കുട്ടികളുടെ മാതാവിനെ സ്വന്തമാക്കുന്നതിന്‌ ഇയാള്‍, പരാതിക്കാരനായ കുട്ടിയെയും അനുജനെയും മര്‍ദിക്കുകയും നെഞ്ചിനു ചേര്‍ത്ത്‌ അമര്‍ത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം ഇയാള്‍ കടന്നുകളഞ്ഞു. അതിനിടെ കുട്ടികളുടെ പിതാവ്‌ ആത്മഹത്യ ചെയ്‌തു.
കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ്‌ കുമരകം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഒളിവില്‍ കഴിഞ്ഞ അംജത്‌ ഷായെ കാഞ്ഞിരപ്പള്ളി പിച്ചകപള്ളിമേട്‌ ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. ഇയാള്‍ കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു മന്ത്രവാദ ചികിത്സ നടത്തിയിരുന്നതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.
പിടികൂടുമ്പോള്‍ ഇയാളുടെ കൈയില്‍നിന്നു നിരവധി മന്ത്രവാദ തകിടുകളും മറ്റും പോലീസ്‌ കണ്ടെടുത്തു. കുട്ടികളുടെ പിതാവിന്റെ മരണത്തെക്കുറിച്ചും പോലീസ്‌ വിശദമായി അനേ്വഷിക്കുന്നുണ്ട്‌. കോടതി പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Facebook Comments Box